നഷ്ടം നികത്തൽ; ക്ലസ്റ്റർ സംവിധാനം ആവിഷ്ക്കരിച്ച് കെഎസ്ആർടിസി, വിശദ വിവരങ്ങൾ അറിയാം

കൊല്ലം: കെഎസ്ആർടിസിയിൽ ക്ലസ്റ്റർ സംവിധാനം നിലവിൽ വന്നു. പല ഡിപ്പോകളിൽ നിന്നുള്ള ബസുകൾ ഒരേ റൂട്ടിൽ ഒരുമിച്ച് ഓടുന്നതിലൂടെയടക്കം ഉണ്ടാകുന്ന നഷ്ടം നികത്താൻ വേണ്ടിയാണ് ക്ലസ്റ്റർ സംവിധാനം നിലവിൽ വന്നത്. ജില്ലയിലെ ഡിപ്പോകളെ കൊട്ടാരക്കര, കൊല്ലം എന്നിങ്ങനെ രണ്ട് ക്ലസ്റ്ററുകൾക്ക് കീഴിലാക്കിയാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്.

ഡിപ്പോ തലത്തിൽ നിലവിൽ നടത്തിക്കൊണ്ടിരുന്ന സർവ്വീസ് ക്രമീകരണങ്ങൾ ഇനി ക്ലസ്റ്റർ കേന്ദ്രീകരിച്ചാകും നടക്കുക. ജില്ലാ ഓഫീസ് സംവിധാനം ഇതിന്റെ മേൽനോട്ടത്തിനായി ഉണ്ടാകും. ഓരോ ഡിപ്പോകളും പ്രത്യേകമായി ഷെഡ്യൂളുകൾ തയ്യാറാക്കുന്നതിനാലാണ് ബസുകൾ ഒരുമിച്ചോടുന്ന സ്ഥിതി ഉണ്ടാകുന്നത്. ക്ലസ്റ്റർ സംവിധാനം കാര്യക്ഷമമാകുന്നതോടെ ജില്ലയിലെ പകുതി സർവീസുകൾ ഏകോപിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനായി ഓരോ ക്ലസ്റ്ററിന് കീഴിലുള്ള ഡിപ്പോകളിലെ സർവീസുകൾ പുനഃക്രമീകരിക്കും.

ഓരോ ക്ലസ്റ്ററിന്റെയും മേധാവികളായ ക്ലസ്റ്റർ ഓഫീസർ ഡി.ടി.ഒ അല്ലെങ്കിൽ എ.ടി.ഒ തസ്തികയിലുള്ളവരായിരിക്കും. സർവീസ് ഓപ്പറേഷന്റെ പൂർണ ചുമതല ക്ലസ്റ്റർ ഓഫീസർക്കായിരിക്കും. ഇവർക്ക് കീഴിൽ രണ്ട് അസി. ക്ലസ്റ്റർ ഓഫീസർമാരും ഉണ്ടാകും. സർവീസ് ഓപ്പറേഷനിൽ സഹായിക്കുകയാണ് ഒരു അസിസ്റ്റന്റുമാരുടെയും ചുമതല.