നേമം കോച്ചിംഗ് ടെർമിനൽ ഉപേക്ഷിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണം; മുഖ്യമന്ത്രി

തിരുവനന്തപുരം: നേമം കോച്ചിംഗ് ടെർമിനൽ ഉപേക്ഷിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇക്കാര്യം എം.പിമാർ പാർലമെന്റിൽ ശക്തമായി ഉന്നയിക്കണം. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായുള്ള എം.പിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ റെയിൽവേ വികസനം പുരോഗതിയില്ലാത്ത സ്ഥിതിയിലാണ്. പ്രഖ്യാപിക്കുന്ന പല പദ്ധതികളും നടപ്പാകുന്നുമില്ല. പുതിയ ട്രെയിനുകളും പുതിയ പാതകളും പാത ദീർഘിപ്പിക്കലുമുൾപ്പെടെ നടപ്പാകാത്ത അവസ്ഥയാണ്. സമഗ്രമായ റെയിൽവേ വികസനത്തിന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച വിഷയത്തിൽ സാധ്യമാകുന്ന തരത്തിലെല്ലാം ഇടപെടണം. ഉദ്യോഗസ്ഥതലത്തിലും നിയമപരമായും സംസ്ഥാന സർക്കാർ ഇടപെടുന്നുണ്ട്. ജനവാസമേഖലയും കൃഷിയിടങ്ങളും സംരക്ഷിച്ചുള്ള നിലപാടാണ് സംസ്ഥാനത്തിൻറേത്. ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി അംഗീകാരം ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം. സുപ്രീം കോടതി ഉത്തരവിനെതിരെ മോഡിഫിക്കേഷൻ ഹർജിയും ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി നഷ്ടപരിഹാരം അടുത്ത അഞ്ചു വർഷത്തേയ്ക്കുകൂടി ദീർഘിപ്പിക്കണം. ബേക്കൽ-കണ്ണൂർ, ഇടുക്കി-തിരുവനന്തപുരം, ഇടുക്കി – കൊച്ചി എയർ സ്ട്രിപ്പ് റൂട്ടുകൾ പരിഗണിക്കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. സമാവർത്തി ലിസ്റ്റിലുള്ള വിഷയങ്ങളിൽ സംസ്ഥാനവുമായി മതിയായ കൂടിയാലോചന നടത്താതെ നിയമനിർമ്മാണം നടത്തുന്നത് കേന്ദ്രം തുടരുകയാണ്. സംസ്ഥാനത്തിൻറെ അധികാരങ്ങൾ ദിവസം തോറും കുറയ്ക്കാനുള്ള നടപടികളാണ് കേന്ദ്രം എടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഗ്‌നിപഥ് പദ്ധതിയ്‌ക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭം നടക്കുകയാണ്. പദ്ധതിയിൽ നിന്നും പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അറ്റോമിക് ധാതുക്കൾ ഖനനം ചെയ്യാനുള്ള അധികാരം നിലവിൽ സർക്കാർ സ്ഥാപനങ്ങൾക്കുമാത്രമേ ഉള്ളു. ഈ വ്യവസ്ഥയിൽ മാറ്റം വരുത്താൻ മൈൻസ് ആൻറ് മിനറൽസ് നിയമത്തിൽ ഭേദഗതി വരുത്തുകയാണ്. ഇത് രാജ്യസുരക്ഷയ്ക്കും പരിസ്ഥിയ്ക്കും പ്രത്യാഘാതമുണ്ടാക്കും. ഇക്കാര്യത്തിലുള്ള അഭിപ്രായം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നാം വലിയതോതിൽ പിന്തുണ നൽകേണ്ട വിഭാഗമാണ് പ്രവാസികൾ. എന്നാൽ അവരെ എത്രമാത്രം ഉപദ്രവിക്കാനാകുമോ എന്നാണ് കേന്ദ്രം നോക്കുന്നത്. 2000 കോടി രൂപയുടെ പ്രവാസി പുനരധിവാസ പാക്കേജ് കാര്യത്തിൽ ഇതുവരെ അനുകൂല പ്രതികരണമില്ല. പ്രവാസികൾക്ക് നാട്ടിൽ വരേണ്ട സമയങ്ങളിലൊക്കെ വലിയ തോതിൽ വിമാന കൂലി വർദ്ധിപ്പിക്കുകയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഭ്യന്തര – അന്താരാഷ്ട്ര റൂട്ടുകളിലെ വിമാനയാത്രാ നിരക്ക് കുറക്കാൻ അടിയന്തിര നടപടിയെടുക്കണം. ഇക്കാര്യം സൂചിപ്പിക്കുമ്പോൾ തങ്ങളല്ല തീരുമാനമെടുക്കേണ്ടത് എന്നുപറഞ്ഞു കൈകഴുകുന്നത് അപഹാസ്യമാണ്. തിരുവനന്തപുരം വിമാനത്താവളം അദാനിക്കു നൽകുമ്പോൾ വലിയമാറ്റം വരുമെന്ന് ചിന്തിച്ച ചില ?വികസന തൽപ്പരരുടെ പ്രതീക്ഷ അസ്ഥാനത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് അർഹമായ വായ്പാ പരിധി വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭക്ഷ്യ ഭദ്രതാനിയമം നടപ്പായതോടെ റേഷൻ സമ്പ്രദായം മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ട സാഹചര്യമുണ്ടായി. അരല ക്ഷത്തോളം പേർ മുൻഗണനാ പട്ടികപ്രകാരമുള്ള റേഷൻ സമ്പ്രദായത്തിന് പുറത്തായിരിക്കുകയാണ്. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം ഉൾപ്പെടെ കുറവു വരുത്തി. ഗോതമ്പ് പൂർണ്ണമായും നഷ്ടപ്പെടുന്ന സ്ഥിതിയാണ്. സംസ്ഥാനത്തിന് അർഹമായ റേഷൻ വിഹിതവും വെട്ടിക്കുറച്ച മണ്ണെണ്ണയും പുനസ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ എം.പിമാർ സമ്മർദ്ദം ചെലുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രിമാർ, എം.പിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.