ദക്ഷിണേന്ത്യയില്‍ ശക്തി വര്‍ധിപ്പിക്കാനൊരുങ്ങി ബിജെപി; ദേശീയ നിര്‍വാഹക സമിതി യോഗം ഹൈദരാബാദില്‍

ഹൈദരാബാദ്: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ രണ്ടു ദിവസത്തെ ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഇന്ന് ഹൈദരാബാദില്‍ തുടക്കമാവും. യോഗത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രാരംഭ നടപടികളും ബിജെപി ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ആവിഷ്‌ക്കരിക്കുകയാണ് പ്രധാന അജണ്ട.

പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പങ്കെടുക്കും. സെക്കന്തരാബാദില്‍ പൊതുസമ്മേളനത്തെയും യോഗത്തിന്റെ സമാപനത്തില്‍ പരേഡ് ഗ്രൗണ്ടില്‍ ഒരു റാലിയെയും അഭിസംബോധന ചെയ്യും. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ അടക്കമുള്ള നേതാക്കളും കേന്ദ്ര മന്ത്രിമാരും ഹൈദരാബാദില്‍ എത്തുന്നുണ്ട്.

അതേസമയം, പതിനെട്ട് വര്‍ഷത്തിന് ശേഷമാണ് ഹൈദരബാദില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി ചേരുന്നത്. തെലങ്കാനയില്‍ ടിആര്‍എസിന് ബദലായി ബിജെപി മാറുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഹൈദരാബാദ് വേദിയായി തിരഞ്ഞെടുത്തത്.