അഭിമാന നേട്ടം; ഓസ്കർ അക്കാദമി അംഗമാവാൻ സൂര്യക്ക് ക്ഷണം

ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്തിന് അഭിമാന നേട്ടം. ഓസ്‌കർ പ്രഖ്യാപനം നടത്തുന്ന അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസിന്റെ ഭാഗാമാകാൻ നടൻ സൂര്യയ്ക്ക് ക്ഷണം ലഭിച്ചു. 397 പേരെയാണ് അക്കാദമി ഈ വർഷം പുതിയ അംഗങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ അഭിനേതാക്കളുടെ ലിസ്റ്റിലാണ് സൂര്യ ഇടംനേടിയത്.

ഇതാദ്യമായാണ് തെന്നിന്ത്യൻ സിനിമയിൽ നിന്ന് ഒരു അഭിനേതാവിന് അക്കാദമിയുടെ ഭാഗമാകാൻ ക്ഷണം ലഭിക്കുന്നത്. ബോളിവുഡ് നടി കജോൾ, സംവിധായിക റീമ കാഗ്തി, സുഷ്മിത് ഘോഷ്, ഡൽഹി മലയാളിയായ റിന്റു തോമസ്, ആദിത്യ സൂദ്, പിആർ ആയ സോഹ്നി സെൻഗുപ്ത എന്നിവരാണ് അംഗങ്ങളിലെ മറ്റ് ഇന്ത്യക്കാർ.

കഴിഞ്ഞ ഓസ്‌കറിൽ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ ഡോക്യുമെന്ററിയായ ‘റൈറ്റിങ് വിത്ത് ഫയർ’ എന്ന ചിത്രമൊരുക്കിയവരാണ് റിന്റുവും സുഷ്മിത് ഘോഷും. ദളിത് വനിതകൾ മാധ്യമപ്രവർത്തകരായ ‘ഖബർ ലഹാരിയ’ എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ചിത്രം ‘ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ’ എന്ന വിഭാഗത്തിലാണ് മത്സരിച്ചത്.