മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ ബാഗ് പിന്നീട് എത്തിച്ചിരുന്നുവെന്ന് എം. ശിവശങ്കറിന്റെ മൊഴി

മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ അഥിതികള്‍ക്കുള്ള ഉപഹാരമടങ്ങിയ ബാഗ് പിന്നീട്‌ എത്തിച്ചിരുന്നെന്നും, കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെയാണ് ബാഗ് എത്തിച്ചതെന്നുമുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴി പുറത്ത്. എന്നാല്‍, തന്റെ ബാഗേജ് മറന്നിട്ടില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്.

സ്വര്‍ണക്കള്ളക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്ത 2020 ജൂലൈ അഞ്ചിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങള്‍ മുന്നോട്ട് വരുന്നത്. ഇതില്‍ ശിവശങ്കര്‍ നല്‍കിയ മൊഴിയാണ് പുറത്തു വന്നത്. യുഎഇ സന്ദര്‍ശന വേളയില്‍ ചില ബാഗേജുകള്‍ അവിടെ വച്ച് മറന്നു പോയി. അത് കോണ്‍സുലേറ്റിന്റെ സഹായത്തോടെ മടക്കിയെത്തിച്ചുവെന്ന മൊഴിയാണ് കസ്റ്റംസിന് നല്‍കിയിരിക്കുന്നത്. മൂന്നു ബാഗേജുകള്‍ മറുന്നുവച്ചുവെന്നായിരുന്നു മൊഴി.

അതേസമയം, നിയമസഭയില്‍ സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നാലെയാണിത്. ഇന്ന് ഉച്ചയ്ക്ക് 1 മണിക്കാണ് അടിയന്തര പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച.