മഹാരാഷ്ട്രയില്‍ വിമതര്‍ക്ക് അയോഗ്യതാ നോട്ടീസില്‍ മറുപടി നല്‍കാന്‍ സമയം നീട്ടി കോടതി

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ അയോഗ്യതാ നോട്ടീസില്‍ മറുപടി നല്‍കാന്‍ വിമത എംഎല്‍എമാര്‍ക്ക് ജൂലൈ 11-ന് വൈകിട്ട് അഞ്ചര വരെ സമയം നല്‍കി കോടതി. അതുഎംഎല്‍എമാര്‍ക്ക് നേരെ നടപടി എടുക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ നോട്ടീസിന്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി സമയം നീട്ടി നല്‍കിയത്.

വിമത എംഎല്‍എമാര്‍ ഗുവാഹത്തിയിലേക്ക് മാറിയതോടെ നാട്ടില്‍ ഇവരുടെ വീടുകള്‍ക്കും മറ്റും ശിവസേനാ പ്രവര്‍ത്തകരില്‍ നിന്നും കനത്ത ഭീഷണിയാണ് നേരിടേണ്ടി വന്നത്. പലയിടത്തും എംഎല്‍എമാരുടെ വീടുകളും ഓഫീസും ആക്രമിക്കപ്പെടുന്ന നിലയുണ്ടായി. അതിനാല്‍ എംഎല്‍എമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്വത്തിനും സംരക്ഷണം നല്‍കാനും ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉദ്ധവ് താക്കറെയും ശിവസേനയും അനുനയനീക്കം ഉപേക്ഷിച്ച് തിരിച്ചടിക്കാന്‍ ആരംഭിച്ചതോടെ എക്‌നാഥ് ഷിന്‍ഡെ ക്യാംപ് സമ്മര്‍ദ്ദത്തിലായിരുന്നു. മറ്റൊരു പാര്‍ട്ടിയില്‍ ചേരുകയോ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്യണമെന്ന സ്ഥിതിയില്‍ എന്തു വേണമെന്ന ആശയക്കുഴപ്പത്തിലായിരിക്കുമ്പോഴാണ് അടുത്ത നീക്കം നടത്താന്‍ കോടതി ഉത്തരവിലൂടെ ഷിന്‍ഡേ ക്യാംപിന് സമയം ലഭിക്കുന്നത്.

അതേസമയം, വിമത എംഎല്‍എമാരുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ എംഎല്‍എമാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ നിരജ് കിഷന്‍ കൗളും ഉദ്ധവ് താക്കറെയ്ക്ക് വേണ്ടി കോണ്ഗ്രസ് നേതാവ് കൂടിയായ സീനിയര്‍ അഭിഭാഷകന്‍ മനു അഭിഷേക് സിഖ്വിയും ഹാജരായി.