അയോഗ്യത നോട്ടീസിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച് ഏക്നാഥ് ഷിൻഡെ

ഗുവാഹത്തി : മഹാരാഷ്ട്രയിൽ നിർണായക നീക്കങ്ങളുമായി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിമതവിഭാഗം. ഡെപ്യൂട്ടി സ്പീക്കർ വിമത എംഎൽഎമാർക്കെതിരെ നൽകിയ അയോഗ്യത നോട്ടീസിനെ ചോദ്യം ചെയ്ത് ഏക്നാഥ് ഷിൻഡെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. തിങ്കളാഴ്ച്ച കോടതി ഹർജി പരിഗണിക്കും.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി. പർദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിയ നടപടിയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.

ഷിൻഡെയെ നീക്കം ചെയ്ത് അജയ് ചൗധരിയെ ശിവസേനയുടെ നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്ത നടപടി നിയമവിരുദ്ധമാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. അതേസമയം, വിമത എം.എൽ.എമാർക്ക് സുരക്ഷ ഏർപ്പെടുത്തണമെന്ന് ഗവർണർ ഡിജിപിക്കും മുംബൈ പോലീസ് കമ്മിഷണർക്കും കത്തുനൽകിയിട്ടുണ്ട്.