ഇമ്രാൻ ഖാന് നേരെ വധശ്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ്; വിവരം ലഭിച്ചത് പാകിസ്താനിലെ തീവ്രവാദ വിരുദ്ധ വകുപ്പിന്

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാന് നേരെ വധശ്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇമ്രാൻ ഖാന് നേരെ ഏത് നിമിഷവും വധശ്രമമുണ്ടാകാമെന്ന മുന്നറിയിപ്പാണ് ലഭിച്ചിട്ടുള്ളത്. പാകിസ്താനിലെ തീവ്രവാദ വിരുദ്ധ വകുപ്പിന്റെ ഖൈബർ പഖ്തൂൺഖ്വ വിംഗാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്.

അഫ്ഗാനിലെ ഒരു ഭീകരനിൽ നിന്നും തീവ്രവാദികൾ സഹായം തേടിയതായും കണ്ടെത്തി. ജൂൺ 18 നാണ് ഇതുസംബന്ധിച്ച വിവരം തീവ്രവാദ വിരുദ്ധ വകുപ്പിന് ലഭിച്ചത്. എന്നാൽ ഈ വിവരം സമൂഹമാദ്ധ്യമങ്ങളിൽ അറിയിക്കാതെ രഹസ്യമാക്കി വയ്ക്കാൻ അധികൃതർ ഉത്തരവിടുകയായിരുന്നു. ഇമ്രാനെ വധിക്കാൻ വാടക കൊലയാളികളെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ പിടിഐ നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ഇസ്ലാമാബാദിലോ റാവൽപിണ്ടിയിലോ കൊലയാളി വീട് സ്വന്തമാക്കി താമസം തുടങ്ങിയതായാണ് പാർട്ടി നേതാക്കൾ ആരോപിച്ചത്.

അതേസമയം, പാകിസ്ഥാനിലോ വിദേശത്തോ വച്ച് തന്നെ വധിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് മുൻപ് ഇമ്രാൻ ഖാൻ പ്രസംഗിക്കുന്ന ഒരു വീഡിയോ പ്രചരിച്ചിരുന്നു.