ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാകില്ല; ഡൽഹി പോലീസിനെതിരെ രൂക്ഷവിമർശനവുമായി എ എ റഹീം

ന്യൂഡൽഹി: ഡൽഹി പോലീസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് എ എ റഹീം എം.പി. ഡൽഹി പൊലീസിനെതിരെ രാജ്യസഭാദ്ധ്യക്ഷന് പരാതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പത്ത് മണിക്കൂർ കസ്റ്റഡിയിൽ വച്ചശേഷം പ്രതിയല്ലെന്ന് പറഞ്ഞുവെന്നും എം.പി എന്ന നിലയിലുള്ള തന്റെ അവകാശങ്ങൾ ലംഘിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാകില്ല. ഇടത് സംഘടനകൾ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം നടത്തിയതിന് കഴിഞ്ഞ ദിവസം എ എ റഹീമിനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് പുലർച്ചെയാണ് ഡൽഹി പോലീസ് അദ്ദേഹത്തെ വിട്ടയച്ചത്. അതേസമയം, റഹീമിനെതിരായ പൊലീസ് കയ്യേറ്റത്തിനെതിരെ സിപിഎം എം.പിമാർ രാജ്യസഭാ അദ്ധ്യക്ഷന് പരാതി നൽകിയിട്ടുണ്ട്.

അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ജന്തർമന്ദിറിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. തുടർന്ന് എ എ റഹീം ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. റഹീമിനെ റോഡിലൂടെ വലിച്ചിഴച്ച ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നിരവധി വനിതാ പ്രവർത്തകരും പ്രതിഷേധ സമരത്തിൽ പങ്കെടുത്തിരുന്നു. ജനാധിപത്യരീതിയിൽ സമരം ചെയ്ത പ്രവർത്തകരെയാണ് പോലീസ് ഒരു കാരണവുമില്ലാതെ ആക്രമിച്ചതെന്ന് എ എ. റഹീം ആരോപിച്ചു. ഗുണ്ടായിസമാണ് നടന്നത്. എംപിയാണെന്ന് അറിഞ്ഞിട്ടും തന്നെ ആക്രമിച്ചെന്നും അഗ്നിപഥ് പദ്ധതി പിൻവലിക്കും വരെ അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.