പൗരന്മാര്‍ക്ക് കൂടുതല്‍ അവകാശവും സ്വാതന്ത്ര്യവും; പുതിയ സ്വകാര്യതാ നിയമ നിര്‍മാണത്തിനൊരുങ്ങി കാനഡ

ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച അവകാശങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ വികസനത്തിനുമായി പുതിയ നിയമ നിര്‍മാണത്തിനൊരുങ്ങി കാനഡ. കനേഡിയന്‍ മന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ന്‍ രൂപകല്‍പന ചെയ്തതാണ് പുതിയ നിയമം. ജി 7 രാജ്യങ്ങളിലെ ഏറ്റവും കര്‍ശനമായ ചട്ടക്കൂടുകളില്‍ ഒന്നാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റല്‍ ചാര്‍ട്ടര്‍ ഇംപ്ലിമെന്റേഷന്‍ ആക്റ്റ്- 2022 അവതരിപ്പിക്കുന്നതിലൂടെ, കനേഡിയന്‍ പൗരന്‍മാര്‍ക്ക് അവരുടെ വിവരങ്ങള്‍ എപ്പോള്‍, എങ്ങനെ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്താന്‍ കഴിയുമെന്ന് തങ്ങള്‍ ഉറപ്പാക്കുമെന്നും ഷാംപെയ്ന്‍ പറഞ്ഞു.

‘പൊതുനന്മയ്ക്കായി ഉത്തരവാദിത്തമുള്ള വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. 21-ാം നൂറ്റാണ്ടില്‍ വ്യക്തികള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. കാനഡയുടെ സ്വകാര്യതാ നിയമങ്ങള്‍ സാങ്കേതിക മാറ്റത്തിനൊപ്പം നില്‍ക്കുന്നുവെന്നും വികസിച്ചു കൊണ്ടിരിക്കുന്ന കനേഡിയന്‍ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് തുടരുന്നുവെന്നും ഉറപ്പാക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ ശ്രമിക്കുന്നു’- സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഇ27 എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ബില്‍, കനേഡിയന്‍ സ്വദേശികള്‍ക്ക് അവരുടെ വ്യക്തിഗത വിവരങ്ങളിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ കൈകാര്യം ചെയ്യുന്ന രീതിയിലും കൂടുതല്‍ സ്വകാര്യത ഉറപ്പാക്കും. ലളിതമായി പറഞ്ഞാല്‍, ഓര്‍ഗനൈസേഷനുകള്‍ കൈവശം വച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ നിയന്ത്രിക്കാന്‍ പൗരന്‍മാര്‍ക്ക് കൂടുതല്‍ അവകാശം നല്‍കുക, ആ വിവരങ്ങള്‍ ഒരു കമ്പനിയില്‍ നിന്ന് മറ്റൊന്നിലേക്ക് സുരക്ഷിതമായി നീക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയ കാര്യങ്ങളെല്ലാമാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. അതേസമയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റ ആക്ട് ആണ് മറ്റൊരു പ്രധാന ചുവടുവെയ്പ്. സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്യുന്ന വ്യക്തികളെ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കുന്നതായിരിക്കും ഈ നിയമം. കമ്പനികളുടെ പ്രവര്‍ത്തനങ്ങളുടെ സ്വതന്ത്ര ഓഡിറ്റുകള്‍ നടത്താന്‍ കഴിയുന്ന ഒരു എഐ ആന്‍ഡ് ഡാറ്റ കമ്മീഷണറെ നിയമിക്കുകയും ചെയ്യും.