അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജ പ്രചാരണം; 35 വാട്‌സാപ്പ് ഗ്രൂപ്പുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകൾക്കെതിരെ നടപടി സ്വീകരിച്ച് കേന്ദ്ര സർക്കാർ. പദ്ധതിയെ കുറിച്ച് വ്യാജപ്രചാരണം നടത്തിയ 35 വാട്‌സാപ്പ് ഗ്രൂപ്പുകൾക്ക് വിലക്കേർപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും പദ്ധതിയുമായി മുന്നോട്ടു പോകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഈ വർഷത്തെ റിക്രൂട്ട്‌മെൻറ് തിയതികൾ മൂന്ന് സേനകളും പ്രഖ്യാപിച്ചു. കരസേനയുടെ കരട് വിജ്ഞാപനം തിങ്കളാഴ്ച്ച പുറത്തിറക്കും. ആദ്യ റിക്രൂട്ട്‌മെന്റ് റാലി ആഗസ്റ്റിൽ നടക്കും. ഡിസംബർ ആദ്യം ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിക്കും. നാവികസേനയുടെ രജിസ്‌ട്രേഷൻ ശനിയാഴ്ച്ചയും വ്യോമസേനയുടേത് വെള്ളിയാഴ്ച്ചയും ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

41 ആയുധ ഫാക്ടറികളിലും 10 ശതമാനം ഒഴിവുകൾ അഗ്നിവീറുകൾക്കായി മാറ്റിവയ്ക്കും. ചില സംസ്ഥാന സർക്കാരുകൾ മടങ്ങി വരുന്ന അഗ്നിവീറുകൾക്കാകെ ജോലി നൽകുമെന്ന് ചില സംസ്ഥാനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.