രാജ്യത്ത് ഒരു വാടക സർക്കാർ മതിയെന്ന് നാളെ നിങ്ങൾ പറഞ്ഞേക്കും; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ

മുംബൈ: അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജ്യത്ത് ഒരു വാടക സർക്കാർ മതിയെന്ന് നാളെ നിങ്ങൾ പറഞ്ഞേക്കുമെന്ന് അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രിക്കായും മുഖ്യമന്ത്രിക്കായും ടെൻഡർ നോട്ടീസ് ഇറക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

ചെറുപ്പക്കാരെ തെരുവിലിറക്കിയതിന്റെ ഉത്തരവാദിത്വം ആർക്കാണെന്നും അദ്ദേഹം ചോദിച്ചു. നാല് വർഷത്തിന് ശേഷം എന്ത് ജോലിയാണ് നിങ്ങൾക്കവർക്ക് നൽകാൻ കഴിയുക. വലിയ പേരിൽ പദ്ധതികൾ കൊണ്ടുവരികയും വാക്ക് പാലിക്കാതിരിക്കുകയും ചെയ്യുകയാണ്. വർഷത്തിൽ രണ്ടുകോടി ജോലി നൽകുമെന്ന് പറഞ്ഞുവെന്നും എന്നാൽ, ഒന്നുമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നോട്ട്നിരോധന സമയത്തും രണ്ടാമത് കൊണ്ടുവന്ന കാർഷിക നിയമ ഭേദഗതിയിലും അതിശക്തമായ പ്രതിഷേധം കണ്ടു. ആദ്യത്തേത് ജനങ്ങൾ സഹിച്ചു. രണ്ടാമതിൽ അതുണ്ടായില്ല. ഒടുവിൽ സർക്കാരിന് മുട്ടുമടക്കേണ്ടി വന്നു. ഇപ്പോൾ അഗ്നിപഥിന്റെ പേരിൽ കേന്ദ്രം പുതിയ പ്രശ്നമുണ്ടാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

17 മുതൽ 21 വയസ്സുള്ളവരെയാണ് അഗ്നിവീരരായി തിരഞ്ഞെടുക്കുന്നത്. നാല് വർഷത്തിന് ശേഷം പത്ത് ശതമാനം ആളുകൾക്കെങ്കിലും ജോലികൊടുക്കാനാവുമോയെന്ന് ഉദ്ധവ് താക്കറെ ചോദിച്ചു. അവരുടെ വിദ്യാഭ്യാസം നഷ്ടമാവുന്നതിന് ആരാണ് ഉത്തരവാദി. യുവാക്കളും ഈ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.