ശ്രീലങ്ക-ഓസ്‌ട്രേലിയ ടി-20: സൈമണ്ട്‌സിന് ആദരസൂചകമായി കറുത്ത ആം ബാന്‍ഡ് ധരിച്ച് ഓസീസ് താരങ്ങള്‍

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യില്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ സൈമണ്ട്‌സിന് ആദരസൂചകമായി മൈതാനത്ത് കറുത്ത ആം ബാന്‍ഡ് ധരിച്ച് ഇറങ്ങി.

രണ്ട് തവണ ലോകകപ്പ് നേടിയ ടീമിലംഗമായ ആന്‍ഡ്രൂ സൈമണ്ട്സ് മെയ് മാസത്തില്‍ ക്വിന്‍സ്ലന്‍ഡില്‍ വെച്ചാണ് കാറപകടത്തില്‍ മരണമടഞ്ഞത്. 46 വയസായിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറില്‍ ഒരാളായിരുന്നു. ഓസ്‌ട്രേലിയക്കായി 26 ടെസ്റ്റും 198 ഏകദിനങ്ങളും 14 ട്വന്റി 20കളും കളിച്ചു. 2003ലും 2007ലും ലോകകിരീടം നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായി. 2003 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞുനിന്നു. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന്റെയും മുംബൈ ഇന്ത്യന്‍സിന്റേയും താരമായിരുന്നു. ആദ്യ സീസണ്‍ ഐപിഎല്ലില്‍ സെഞ്ച്വറിയും ഡെക്കാനൊപ്പം കിരീടവും നേടിയിട്ടുണ്ട് ആന്‍ഡ്രൂ സൈമണ്ട്സ്. വിരമിച്ച ശേഷം ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ കമന്റേറ്ററായി സേവനമനുഷ്ടിച്ചിരുന്നു.

ആന്‍ഡ്രൂ സൈമണ്ട്സ് ഏകദിനത്തില്‍ 5000ലേറെ റണ്‍സും നൂറിലേറെ വിക്കറ്റുമുള്ള അപൂര്‍വ താരങ്ങളിലൊരാളാണ്. 11 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 198 ഏകദിനങ്ങളില്‍ 5088 റണ്‍സും 133 വിക്കറ്റും നേടി. 26 ടെസ്റ്റില്‍ 1462 റണ്‍സും 24 വിക്കറ്റും 14 രാജ്യാന്തര ടി20യില്‍ 337 റണ്‍സും 8 വിക്കറ്റും സ്വന്തമാക്കി. ഐപിഎല്ലില്‍ 39 മത്സരങ്ങളില്‍ 974 റണ്‍സും 20 വിക്കറ്റും സ്വന്തമാക്കി. ഒപ്പം എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായും സൈമണ്ട്സ് വിശേഷിപ്പിക്കപ്പെടുന്നു.