നെയ്മറിന്റെ ഗോള്‍; ജപ്പാനെ വീഴ്ത്തി ബ്രസീല്‍

ടോക്കിയോ: സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജപ്പാനെ കീഴടക്കി ബ്രസീല്‍. സൂപ്പര്‍താരം നെയ്മറാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്. റിച്ചാലിസണെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി നെയ്മര്‍ അനായാസം വലയിലെത്തിക്കുകയായിരുന്നു. മത്സരത്തില്‍ ബ്രസീലിന്റെ ആധിപത്യമായിരുന്നു. 21 ഷോട്ടുകളാണ് ബ്രസീല്‍ താരങ്ങള്‍ ജപ്പാന്‍ പോസ്റ്റിന് ലക്ഷ്യമാക്കി ഉതിര്‍ത്തത്. അതേസമയം, ജപ്പാന് ഏഴ് ഷോട്ടുകള്‍ മാത്രമാണ് ഉതിര്‍ക്കാന്‍ സാധിച്ചത്. ബോള്‍ കൈവശം വെക്കുന്നതിലും ചെറിയ മുന്‍തൂക്കം ബ്രസീലിനായിരുന്നു.

അതേസമയം, ജൂണ്‍ 2 ന് നടന്ന ദക്ഷിണ കൊറിയക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ തകര്‍പ്പന്‍ ജയം നേടിയിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കാനറിപ്പടയുടെ വിജയം. ബ്രസീലിനായി സൂപ്പര്‍ താരം നെയ്മര്‍ ഇരട്ടഗോള്‍ നേടി. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ റിച്ചാര്‍ലിസണാണ് ബ്രസീലിനായി ആദ്യം വല കുലുക്കിയത്. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ ഹ്വാങ് ഹുയി ജോ കൊറിയയെ ഒപ്പത്തിനൊപ്പമെത്തിച്ചു. 42ാം മിനിറ്റില്‍ അലക്‌സാണ്ട്രോയെ പെനാല്‍ട്ടി ബോക്‌സില്‍ വീഴ്ത്തയതിന് കിട്ടിയ പെനാല്‍ട്ടി നെയ്മര്‍ വലയിലെത്തിച്ചു.

രണ്ടാം പകുതിയില്‍ 57ാം മിനിറ്റില്‍ ഒരിക്കല്‍ കൂടി കൊറിയന്‍ ഡിഫന്റര്‍മാര്‍ അലക്‌സാണ്ട്രോയെ പെനാല്‍ട്ടി ബോക്‌സില്‍ വീഴ്ത്തി. ഇതിന് ലഭിച്ച പെനാല്‍ട്ടിയും നെയ്മര്‍ വലയിലെത്തിച്ചു. 80ാം മിനിറ്റില്‍ ഫിലിപ്പ് കുട്ടീഞ്ഞോയും കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഗബ്രിയേല്‍ ജീസസും വലകുലുക്കി കൊറിയന്‍ വധം പൂര്‍ണ്ണമാക്കി.