ഡല്‍ഹിയെ തകര്‍ത്ത് മുംബൈ

മുംബൈ: ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്. മുംബൈയോട് അഞ്ച് വിക്കറ്റിനു തോറ്റ ഡല്‍ഹിക്കു ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ മറികടന്നു നാലാം സ്ഥാനത്തെത്താനായില്ല. 14 കളികളില്‍നിന്നു 16 പോയിന്റ് നേടിയ ആര്‍.സി.ബി. നാലാം സ്ഥാനക്കാരായി മുന്നേറി. 14 കളികളില്‍നിന്ന് 14 പോയിന്റ് നേടിയ ഡല്‍ഹി അഞ്ചാമതാണ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്ണെടുത്തു.

മറുപടി ബാറ്റ് ചെയ്ത മുംബൈ കളി തീരാന്‍ അഞ്ച് പന്തുകള്‍ ശേഷിക്കേ ലക്ഷ്യം കടന്നു. മുംബൈക്ക് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ച് റണ്‍. തിലക് വര്‍മയെ (17 പന്തില്‍ 21) 19-ാം ഓവറിന്റെ അവസാന പന്തില്‍ നഷ്ടമായെങ്കിലും ജയത്തിനു തടസമായില്ല. ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ നോബോളായി. ഫ്രീഹിറ്റ് രമണ്‍ദീപ് സിങ് (ആറ് പന്തില്‍ 13) അതിര്‍ത്തി കടത്തി. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (35 പന്തില്‍ നാല് സിക്സറും മൂന്ന് ഫോറുമടക്കം 48), ടിം ഡേവിഡ് (11 പന്തില്‍ നാല് സിക്സറും രണ്ട് ഫോറുമടക്കം 34), ഡെവാള്‍ഡ് ബ്രെവിസ് (33 പന്തില്‍ 37) എന്നിവരും ജയത്തില്‍ നിര്‍ണായകമായി. 14 കളികളില്‍നിന്ന് എട്ട് പോയിന്റ് നേടിയ മുംബൈ ഇന്ത്യന്‍സ് ഏറ്റവും പിന്നിലാണ്.

ആദ്യം ബാറ്റിങ്ങിയ ഡല്‍ഹി വമ്ബന്‍ സ്‌കോര്‍ പ്രതീക്ഷിച്ചു. 34 പന്തില്‍ നാല് സിക്സറും ഒരു ഫോറുമടക്കം 43 റണ്ണെടുത്ത റോവ്മന്‍ പവല്‍, 33 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 39 റണ്ണെടുത്ത നായകന്‍ ഋഷഭ് പന്ത്, 10 പന്തില്‍ രണ്ട് സിക്സറടക്കം പുറത്താകാതെ 19 റണ്‍ നേടിയ അക്ഷര്‍ പട്ടേല്‍ എന്നിവരാണു ഡല്‍ഹിയെ തകര്‍ച്ചയില്‍നിന്നു രക്ഷപ്പെടുത്തിയത്. ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ ഡല്‍ഹിയെ ബാറ്റിങ്ങിനു വിട്ടു. ഡാനിയേല്‍ സാംസ് എറിഞ്ഞ മൂന്നാം ഓവറില്‍ ഡേവിഡ് വാര്‍ണര്‍ (ആറ് പന്തില്‍ അഞ്ച്) പുറത്തായി. വാര്‍ണറിനെ ജസ്പ്രീത് ബുംറ പിടികൂടി. മിച്ചല്‍ മാര്‍ഷ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ബുംറയുടെ പന്തില്‍ രോഹിത് ശര്‍മ പിടിച്ചാണു മാര്‍ഷ് ഗോള്‍ഡന്‍ ഡെക്കായത്. ഓപ്പണര്‍ പൃഥ്വി ഷാ (23 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 24), സര്‍ഫ്രാസ് ഖാന്‍ (ഏഴ് പന്തില്‍ 10) എന്നിവരും വൈകാതെ മടങ്ങി. പൃഥ്വിയെ ബുംറ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈയിലെത്തിച്ചു. മായങ്ക് മര്‍കാണ്ഡെയുടെ പന്തില്‍ ബാറ്റ് വച്ച സര്‍ഫ്രാസിനെയും ഇഷാന്‍ പിടിച്ചു. 19-ാം ഓവറില്‍ റോവ്മന്‍ പവലും പുറത്തായി. കൂറ്റനടിക്കാരന്‍ ശാര്‍ദൂല്‍ ഠാക്കൂറിനും (അഞ്ച് പന്തില്‍ നാല്) നിലയുറപ്പിക്കാനായില്ല. ജസ്പ്രീത് ബുംറ നാല് ഓവറില്‍ 25 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. രമണ്‍ദീപ് സിങ് രണ്ട് വിക്കറ്റും സാംസും മര്‍കാണ്ഡെയും ഒരു വിക്കറ്റ് വീതവുമെടുത്തു.