‘വിക്രം’ ചിത്രത്തിന്റെ പുലര്‍ച്ചെ പ്രദര്‍ശനം തടയണം; ഹൈക്കോടതിയില്‍ ഹര്‍ജി

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ‘വിക്ര’മിനെതിരെ കോടതിയില്‍ ഹര്‍ജി. ജൂണ്‍ മൂന്നിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ അതിരാവിലെയുള്ള പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടാണ് മദ്രാസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

അതിരാവിലത്തെ ഷോയില്‍ ടിക്കറ്റ് നിരക്കില്‍ വലിയ തുക ഈടാക്കുമെന്നും ഈ ഷോകളുടെ നികുതി വെട്ടിപ്പ് വന്‍ നഷ്ടമുണ്ടാക്കുമെന്നും ആരോപിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ച് മറുപടി നല്‍കാന്‍ സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, ചിത്രത്തിന്റെ ആദ്യ ഷോ തന്നെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മറ്റ് ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ഷോകളുമായി താരതമ്യം ചെയ്യുമ്‌ബോള്‍ സിനിമ റിലീസ് ചെയ്യുന്ന ദിവസം തിയേറ്ററുകളിലെ അതിരാവിലെ ഷോകളുടെ ടിക്കറ്റ് നിരക്ക് താരതമ്യേന കൂടുതലാണ്. സാധാരണ തിയേറ്ററുകളില്‍ 500രൂപ മുതല്‍ 900 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. സൂര്യയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു.