പെട്രോൾ ഡീസൽ വിലയിൽ കുറവു വരുത്താൻ കേരളവും; നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്താൻ സംസ്ഥാന സർക്കാർ. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും കുറയ്ക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കേന്ദ്ര സർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായി കുറവു വരുത്തിയതിനെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം, പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കേന്ദ്ര സർക്കാർ കുറച്ചത്. കേന്ദ്ര നികുതിയിലാണ് സർക്കാർ കുറവ് വരുത്തിയത്. ഇതോടെ, ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയും.

പാചകവാതക സിലിണ്ടറിന് 200 രൂപ സബ്സിഡി ഉജ്ജ്വല പദ്ധതിപ്രകാരം നൽകും. ഉജ്ജ്വല പദ്ധതിക്കു കീഴിലെ ഒമ്പതു കോടി പേർക്ക് 12 സിലിണ്ടറുകൾ സബ്സിഡി പ്രകാരം നൽകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. സ്റ്റീലിന്റെയും സിമന്റിന്റെയും വില കുറയ്ക്കാനും ഇടപെടൽ ഉണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി.