സർക്കാരിന്റെ ജനപിന്തുണ വർധിച്ചു; തികഞ്ഞ ആത്മവിശ്വാസത്തോടെ രണ്ടാം വർഷത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തുടർവിജയം നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരമേറ്റിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നുവെന്നും വർധിത ആത്മവിശ്വാസത്തോടെയാണ് സർക്കാർ രണ്ടാം വർഷത്തിലേക്ക് കടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാലയളവിൽ നല്ല തോതിൽ ജനപിന്തുണ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം അതാണ് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ ഏതു പ്രതികൂലാവസ്ഥയിലും പ്രതിബദ്ധതയോടെ നടപ്പാക്കാനായി. കേന്ദ്രം വിൽപ്പനയ്ക്ക് വെച്ച വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കേരളം ലേലത്തിൽ വാങ്ങി കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡ് (കെപിപിഎൽ) ആയി പുനരുദ്ധരിച്ച് വീണ്ടും തുറന്ന് ഇന്നലെ പ്രവർത്തിച്ചു തുടങ്ങിയതാണ് അതിന്റെ ഉദാഹരണം. സർവ്വതല സ്പർശിയും സാമൂഹ്യ നീതിയിലധിഷ്ഠിതവുമായ വികസനം ഇതാണ് തുടക്കം മുതൽ എൽ ഡി എഫ് ഉയർത്തിപ്പിടിക്കുന്ന കാഴ്ചപ്പാട്. അത് യാഥാർത്ഥ്യമാക്കാൻ ഉതകുന്ന ഇടപെടലുകളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായി നമ്മുടെ സംസ്ഥാനം ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും നിരവധി നേട്ടങ്ങൾക്ക് അർഹമായെന്നും അദ്ദേഹം വ്യക്തമാക്കി.

നവകേരള സൃഷ്ടിക്കുതകുന്ന പ്രകടനപത്രികയാണ് 2021 ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുപക്ഷ ജനാധിപത്യ മുന്നണി അവതരിപ്പിച്ചത്. പ്രകടന പത്രികയിൽ നൽകിയ 900 വാഗ്ദാനങ്ങൾ നടപ്പാക്കി സ്ഥായിയായ ഒരു വികസന മാതൃക യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉൾപ്പെടുത്തി പ്രത്യേക നൂറുദിന കർമ്മപരിപാടി ആവിഷ്‌കരിക്കാനും കഴിഞ്ഞു. രണ്ട് നൂറുദിന കർമ്മപരിപാടിയാണ് കഴിഞ്ഞ ഒരുവർഷത്തിനിടയിൽ സംസ്ഥാനത്ത് പൂർത്തിയാക്കിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതിനോടകം 2,95,000 വീടുകൾ ഗുണഭോക്തൃ കുടുംബങ്ങൾക്ക് നൽകാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. അത് ഉടൻ 3 ലക്ഷമായി ഉയർത്താനാവും. 2017 മുതൽ 2021 മാർച്ച് 31 വരെ ലൈഫ് പദ്ധതി പ്രകാരം 2,62,131 വീടുകൾ നിർമ്മിച്ചു. പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി 1003 വീടുകളും 276 ഫ്‌ളാറ്റുകളും കൈമാറി. 114 ഫ്‌ളാറ്റുകളുടെ പണിപൂർത്തിയായിട്ടുണ്ട്. ഇത് ഉടൻ തന്നെ ഗുണഭോക്താക്കൾക്ക് കൈമാറും. കൂടാതെ 784 ഫ്‌ളാറ്റുകളുടെയും 1121 വീടുകളുടെയും നിർമ്മാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുകയാണ്.

ഭൂരഹിതർക്ക് 15,000 പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം കവിഞ്ഞ് 33,530 പട്ടയങ്ങൾ വിതരണം ചെയ്തു. ഈ വർഷം ആകെ 47,030 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഉടൻ വിതരണം ചെയ്യാനായി 3,570 പട്ടയങ്ങൾ സജ്ജമാണ്. കെഫോൺ പദ്ധതിയുടെ കണക്ഷൻ 20,750 ഓഫീസുകൾക്ക് നൽകി. പദ്ധതിയുടെ ഭാഗമായുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കൽ (കേബിളുകൾ വലിക്കുന്നതും, നെറ്റ് വർക്ക് ഓപ്പറേറ്റിംഗ് സെൻറർ, പോയൻറ്‌സ് ഓഫ് പ്രസൻസസ്, എൻഡ് ഓഫീസ് ഇൻസ്റ്റുലേഷന് ഒരുക്കൽ) പുരോഗമിച്ചു വരുന്നു. 140 നിയമസഭാ മണ്ഡലങ്ങളിലായി ഒരോ മണ്ഡലത്തിലും ബിപിഎൽ വിഭാഗത്തിൽപ്പെട്ട 100 കുടുംബങ്ങൾക്ക് വീതം സംസ്ഥാനത്തൊട്ടാകെ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് കണക്ഷൻ നൽകാനുള്ള നടപടികൾ അതിവേഗതയിൽ പുരോഗമിച്ചുവരികയാണ്. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ലക്ഷ്യമിട്ടിരുന്ന 1600 റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഭ്യമായ വിവരമനുസരിച്ച് 3,95,338 തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതിന്റെ വിവരസഞ്ചയം പുതുക്കിയത് ഉടൻ നൽകും. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 2021 മെയ് 21 മുതൽ2022 ഏപ്രിൽ 30 വരെ ആകെ 22,345 പേരെ പി.എസ്. സി. വഴി നിയമന ശിപാർശ ചെയ്തു. കഴിഞ്ഞ എൽ ഡി. എഫ് സർക്കാർ 1,61,361 പേർക്കാണ് നിയമന ശുപാർശ നൽകിയത്. കഴിഞ്ഞ 6 വർഷത്തെ മൊത്തം നിയമന ശുപാർശ 1,83,706 ആണ്. ഭരണ നിർവ്വഹണ രംഗത്തെ സുപ്രധാന ആവശ്യവും ആഗ്രഹവുമായ കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവ്വീസ് (കെ എ എസ്) ഈ കാലയളവിൽ യാഥാർഥ്യമായി. നൂറ്റിയഞ്ചു പേർക്ക് നിയമനം നൽകുകയും അവരുടെ ട്രെയിനിങ് ആരംഭിക്കുകയും ചെയ്തു. കേരള നോളജ് ഇക്കണോമി മിഷൻ ആരംഭിച്ചു. സജ്ജമാക്കിയ ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെൻറ് സിസ്റ്റത്തിൽ ഇതുവരെ 3,14,588 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡ് കാലയളവിൽ സംസ്ഥാനത്തെ മൂന്ന് ഐ.ടി പാർക്കുകളിലുമായി 10,400 പുതിയ തൊഴിലവസരങ്ങളിൽ സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ ഈ കാലയളവിൽ 181 പുതിയ കമ്പനികളും (ടെക്‌നോപാർക്ക്41, ഇൻഫോപാർക്ക്100, സൈബർപാർക്ക്40) പ്രവർത്തനമാരംഭിച്ചു. ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിലായി ആകെ 29 ലക്ഷം ചതുരശ്ര അടി സ്ഥല സൗകര്യങ്ങൾ നിർമ്മിതിയിലാണെന്നും അദ്ദേഹം അറിയിച്ചു.

മൂല്യവർദ്ധിത റബ്ബർ ഉല്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി കേരള റബ്ബർ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. പാലക്കാട് നിർമ്മിക്കുന്ന സംയോജിത റൈസ് ടെക്‌നോളജി പാർക്കിന്റെ വിശദമായ പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ട്. വയനാട് കോഫി പാർക്കിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു. പാലക്കാട് മെഗാ ഫുഡ് പാർക്കിൻറെ പ്രവർത്തനം ആരംഭിച്ചു. ചേർത്തല ഫുഡ്പാർക്കിൻറെ നിർമ്മാണം പൂർത്തീകരിച്ചു. 12.5 കോടി മുതൽമുടക്കിൽ സ്‌പൈസസ് പാർക്കിന്റെ ആദ്യ ഘട്ടം ഇടുക്കി ജില്ലയിലെ മുട്ടത്ത് പുരോഗമിക്കുന്നു. ടൂറിസം മേഖലയിൽ ആഭ്യന്തര സഞ്ചാരികളുടെ വരവിൽ 2021ൽ 2020നെ അപേക്ഷിച്ചു 51% വർദ്ധനവ് രേഖപ്പെടുത്തിക്കഴിഞ്ഞു. വിദേശ വിനോദ സഞ്ചാരികളുടെ വരവും ക്രമാനുഗതമായി വർദ്ധിക്കുന്നുണ്ട്. 56 പ്രവാസി സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനായി. സംസ്ഥാന തലത്തിൽ പ്രവാസി സഹകരണ സംഘത്തിന് രൂപംകൊടുത്തിട്ടുണ്ട്. 2021-22 കാലയളവിൽ യുവകേരളം പദ്ധതി മുഖേന 1666 പേർക്കും ഡി.ഡി.യു.ജി.കെ.വൈ (ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന) പദ്ധതി മുഖേന 4430 പേർക്കും ആകെ 6096 പേർക്ക് നൈപുണി പോഷണവും തൊഴിലും നൽകാൻ സാധിച്ചു. 981 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 1186 ജനകീയ ഹോട്ടലുകൾ പ്രവർത്തിച്ചു വരുന്നു. ശേഷിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനകീയ ഹോട്ടലുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.