റെയിൽവേയിൽ ജോലിക്കു പകരമായി ഭൂമി സ്വന്തമാക്കി; ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും കേസ്

ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും കേസെടുത്ത് സിബിഐ. പുതിയ അഴിമതി കേസാണ് ലാലു പ്രസാദ് യാദവിനെതിരെ സിബിഐ രജിസ്റ്റർ ചെയ്തത്. റെയിൽവേയിൽ ജോലിക്കു പകരമായി ഉദ്യോഗാർഥികളുടെ ഭൂമി സ്വന്തമാക്കിയതിനാണ് കേസെടുത്തിട്ടുള്ളതെന്ന് സിബിഐ അറിയിച്ചു.

ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബറി ദേവി, മക്കൾ മിസ, ഹേമ എന്നിവർക്കെതിരെയും എഫ്‌ഐആറുണ്ട്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അഴിമതി നിരോധന നിയമവും ഐപിസി 120 ബി പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് പതിനാറു കേന്ദ്രങ്ങളിൽ സിബിഐ പരിശോധന നടത്തി. യുപിഎ ഭരണകാലത്ത് ലാലു റെയിൽവേ മന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നത്. 2008 ലും 2009 ലുമായി നിരവധി ഭൂമികൾ ലാലുവിന്റെ കുടുംബാംഗങ്ങളുടെ പേരിലേക്കു മാറ്റിയതായി സിബിഐ വ്യക്തമാക്കി. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന ലാലു പ്രസാദ് യാദവ് ജാമ്യത്തിൽ ഇറങ്ങിയതിനു പിന്നാലെയാണ് പുതിയ കേസെടുത്തിട്ടുള്ളത്.