ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ രാജിവച്ചു

ന്യൂഡൽഹി: ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൈമാറിയതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഞ്ചു വർഷത്തിലധികം അദ്ദേഹം ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്.

അനിൽ ബൈജാലും ഡൽഹി സർക്കാരുമായി അഭിപ്രായ ഭിന്നതകൾ നിലനിന്നിരുന്നു. കോവിഡ് വൈറസ് വ്യാപന കാലത്ത് ഡൽഹി സർക്കാർ നടപ്പിലാക്കിയ പല പ്രവർത്തനങ്ങളെയും അദ്ദേഹം വിമർശിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ബൈജാൽ കേന്ദ്ര കേഡറിൽ നിന്നും വിരമിച്ച ശേഷം 2016 ഡിസംബർ 31 നാണ് ഗവർണർ പദവിയിൽ എത്തിയത്.

മൻമോഹൻ സിംഗ് സർക്കാർ ആരംഭിച്ച 60,000 കോടി രൂപയുടെ ജവഹർലാൽ നെഹ്റു നാഷണൽ അർബൻ റിന്യൂവൽ മിഷന്റെ മേൽനോട്ട ചുമതലയും അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. ഡൽഹി വികസന അതോറിറ്റിയുടെ ചെയർമാൻ, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചീഫ് സെക്രട്ടറി, വാർത്ത വിനിമയ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറി, ഇന്ത്യൻ എയർലൈൻസിന്റെ എംഡി, പ്രസാർ ഭാരതി സി ഇ ഒ, ഗോവ വികസന കമ്മീഷണർ, നേപ്പാളിലെ ഇന്ത്യ എയ്ഡ് മിഷന്റെ ചുമതലയുള്ള കൗൺസിലർ എന്നീ പദവികളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു.