സംസ്ഥാനത്ത് പൂട്ടിയ മദ്യശാലകൾ വീണ്ടും തുറക്കാനൊരുങ്ങി സർക്കാർ

കൊച്ചി: സംസ്ഥാനത്ത് പൂട്ടിയ മദ്യശാലകൾ വീണ്ടും തുറക്കാനൊരുങ്ങി സർക്കാർ. ബെവ്‌കോയുടെ വിദേശ മദ്യവിൽപ്പനശാലകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പുതിയ മദ്യവിൽപ്പനശാലകൾക്ക് സർക്കാർ അനുമതി നൽകിയത്. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ഔട്ട്‌ലെറ്റുകൾ തുറക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഉത്തരവും സർക്കാർ പുറത്തിറക്കി.

അതേസമയം, സംസ്ഥാനത്ത് എത്ര മദ്യവിൽപ്പന ശാലകളാണ് തുറക്കുന്നത് എന്ന് വ്യക്തമല്ല. പൂട്ടിപ്പോയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി ആരംഭിക്കണമെന്നും വാക്ക് ഇൻ സൗകര്യത്തോടെ പുതിയ വിൽപ്പനശാലകൾ ആരംഭിക്കണമെന്നും ബെവ്‌കോ അറിയിച്ചു. തുറക്കുന്ന ഷോപ്പുകളിൽ അധികവും നേരത്തെ പൂട്ടിപ്പോയ ഷോപ്പുകളാണ്. പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ. തിരുവനന്തപുരം അഞ്ച്, കൊല്ലം ആറ്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ നാല്, കോട്ടയം ആറ്, ഇടുക്കി എട്ട്, എറണാകുളം എട്ട്, തൃശൂർ അഞ്ച്, പാലക്കാട് ആറ്, മലപ്പുറം മൂന്ന്, കോഴിക്കോട് മൂന്ന്, വയനാട് നാല്, കണ്ണൂർ നാല്, കാസർകോട് രണ്ട് എന്നിങ്ങനെയാണ് പുതുതായി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മദ്യശാലകളെന്നാണ് റിപ്പോർട്ടുകൾ.

ഐടി, ടൂറിസം മേഖലകളിൽ ബാറുകൾ ഉൾപ്പെടെ ആരംഭിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. സൈനിക, കേന്ദ്ര പൊലീസ് സൈനിക കാന്റീനുകളിൽ നിന്നുള്ള മദ്യത്തിന്റെ വിലയും വർദ്ധിക്കാൻ സാധ്യതയുണ്ട്.