ഫോറിൻ പോസ്റ്റ് ഓഫീസ് വഴി വീണ്ടും ലഹരി കടത്ത് ശ്രമം; യുവാവ് അറസ്റ്റിൽ

കൊച്ചി: കൊച്ചിയിലെ ഫോറിൻ പോസ്റ്റ് ഓഫീസ് വഴി വീണ്ടും ലഹരി കടത്ത് ശ്രമം. കൊക്കെയ്നും എം ഡി എം എമ്മും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ജാസിം നിസാം എന്നയാളാണ് പിടിയിലായത്. സിനിമാ മേഖലയിലുൾപ്പെടെ പ്രമുഖർക്ക് മാത്രമാണ് ഇയാൾ ലഹരിവിൽപ്പന നടത്തുന്നത്.

നെതർലൻഡിൽ നിന്ന് ഇയാൾ വരുത്തിച്ച പാഴ്‌സലിൽ നിന്ന് 2896.8 മില്ലി ഗ്രാം എംഡിഎംഎയും 9881.8 മില്ലി ഗ്രാം കൊക്കെയ്നും കണ്ടെടുത്തു. സൗണ്ട് എഞ്ചിനീയറായ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന മൂന്ന് ക്രഷറുകൾ, ഹുക്ക, പേപ്പർ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെയും ഇയാൾ വിദേശത്ത് നിന്നും ലഹരി എത്തിച്ചിരുന്നു.

ജാസിമിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയ നിരവധിപ്പേർ എക്‌സൈസ് നിരീക്ഷണത്തിലാണ്. ഇവരെ ചോദ്യം ചെയ്യും. കേസ് പ്രത്യേക സംഘം അന്വേഷിച്ചേക്കും.രണ്ട് ദിവസം മുമ്പാണ് ഫോറിൻ പോസ്റ്റ് ഓഫീസിൽ ജാസിമിന്റെ പേരിൽ പാഴ്‌സൽ എത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ വിവരം എക്സൈസിന് കൈമാറി. തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിൽ മൂന്ന് കവറുകളിൽ എംഡിഎംഎയും ഒരു കവറിൽ കൊക്കെയ്നുമായിരുന്നു.

എക്സൈസ് സംഘം കൊടുങ്ങല്ലൂരിലെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഹരി ഉപയോഗിക്കാറുണ്ടെന്നും പാഴ്‌സൽ തന്റേതല്ലെന്നും വെളിപ്പെടുത്തി. അന്വേഷണത്തിൽ ജാസിം സമാനമായ പാഴ്‌സൽ മൂന്ന് തവണ എത്തിച്ചിട്ടുണ്ടെന്ന് തൊട്ടടുത്ത പോസ്റ്റ് ഓഫീസിൽ നിന്ന് വിവരം ലഭിച്ചു. വീട്ടിൽ നിന്ന് കഞ്ചാവ് വലിക്കുന്ന സാധനങ്ങൾ കണ്ടെടുത്തതോടെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുവന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.