കേന്ദ്രസർക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂർത്തിയാകാതെ വിശ്രമമില്ല; മൂന്നാമൂഴത്തിന് തയ്യാറാണെന്ന സൂചന നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: മൂന്നാമൂഴത്തിന് തയ്യാറാണെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസർക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂർത്തിയാകാതെ തനിക്കു വിശ്രമമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഭറൂച്ചിൽ ഉത്കർഷ് സമറോ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ ബഹുമാനിക്കുന്ന വളരെ മുതിർന്ന പ്രതിപക്ഷ നേതാവായിരുന്ന വ്യക്തി ഒരിക്കൽ തന്നോട് ചോദിച്ചു, രണ്ടു തവണ പ്രധാനമന്ത്രിയായി ഇനി എന്താണ് നേടാനുള്ളത് എന്ന്. സർക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂർത്തിയാക്കാതെ തനിക്കു വിശ്രമമില്ലെന്നായിരുന്നു താൻ അദ്ദേഹത്തിന് നൽകിയ മറുപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹം വിചാരിച്ചു, രണ്ടു തവണ പ്രധാനമന്ത്രിയായത് വലിയൊരു നേട്ടമാണെന്ന്. എന്നാൽ അദ്ദേഹത്തിന് അറിയില്ല, ഈ മോദിയെ മറ്റൊന്നുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഗുജറാത്തിന്റെ മണ്ണാണ് മോദിയെ രൂപപ്പെടുത്തിയത്. ഇപ്പോൾ വിശ്രമിക്കാറായിട്ടില്ല. സംഭവിച്ച കാര്യങ്ങളെല്ലാം നല്ലതിനാണ്. പരിപൂർണ പരിണാമം സംഭവിക്കുക എന്നതാണ് തന്റെ സ്വപ്നം. ലക്ഷ്യം 100 ശതമാനം പൂർത്തീകരിക്കുക., സർക്കാർ സംവിധാനങ്ങളെ ഒരു ശീലത്തിലേക്കു മാറ്റുക, പൗരന്മാരിൽ വിശ്വാസം കൊണ്ടുവരിക എന്നതിനാണ് താൻ പ്രാധാന്യം നൽകുന്നത്.

2014 ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പകുതിയോളം ജനങ്ങൾ ശൗചാലയ സൗകര്യങ്ങൾ, വാക്‌സിനേഷൻ, വൈദ്യുതി, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയവയിൽനിന്ന് അകലെയായിരുന്നു. ഒരു തരത്തിൽപ്പറഞ്ഞാൽ അവർക്ക് അവയൊക്കെ നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു. ഈ വർഷങ്ങൾ നമ്മുടെ പ്രയത്‌നത്താൽ പല പദ്ധതികളും 100 ശതമാനം സാക്ഷാത്കരിക്കാനായി. ഇവയൊക്കെ ബുദ്ധിമുട്ടേറിയ കാര്യങ്ങളായിരുന്നു. വിഷയത്തിൽ തൊടാൻ പോലും രാഷ്ട്രീയക്കാർക്ക് പേടിയായിരുന്നു. എന്നാൽ ഞാനിവിടെ രാഷ്ട്രീയം കളിക്കാൻ വന്നതല്ല, രാജ്യത്തിന്റെ പൗരന്മാരെ സേവിക്കാൻ വന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.