എഡിജിപി എസ് ശ്രീജിത്തിന്റെ മാറ്റം; നടിയെ ആക്രമിച്ച കേസ് അന്വേഷണം അട്ടിമറിക്കാനാണ് നടപടിയെന്ന് യൂത്ത് കോൺഗ്രസ്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്തിനെ തൽസ്ഥാനത്ത് നിന്നും മാറ്റിയത് വിവാദമാകുന്നു. വിഷയത്തിൽ ഗുരുതര ആരോപണങ്ങൾ ഉയർത്തി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. കേസ് അന്വേഷണം അട്ടിമറിക്കുന്നതിനാണ് ഇപ്പോഴത്തെ മാറ്റമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻഎസ് നുസൂർ പറയുന്നത്.

സിനിമാകഥ തയ്യാറാക്കുന്നത് പോലെ ഏതോ ഒരാൾ ഇരുന്ന് എഴുതിയ തിരക്കഥയാണ് ഈ കേസ്. അതിൽ സർക്കാരിന്റെ ഭാഗം ആര് അഭിനയിക്കും എന്നതിൽ മാത്രമേ സംശയമുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. പീഡിപ്പിക്കപ്പെടുന്നവർക്കൊപ്പമല്ല, പീഡനത്തിന് നേതൃത്വം നൽകുന്നവർക്കൊപ്പമാണ് സർക്കാരെന്ന് വ്യക്തമാക്കുന്നതാണ് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്തിനെ നീക്കി നടപടിയെന്നും അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിതനായ പി ശശിക്കെതിരെയും നുസൂർ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പി ശശി പൊളിറ്റിക്കൻ സെക്രട്ടറിയായി നിയമിതനായ ശേഷം ആദ്യമായെടുത്ത തീരുമാനമാണിത്. പി ശശി ആരാണെന്നും എന്താണെന്നും കേരളം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് പിടി തോമസ് തുടങ്ങിവെച്ച പോരാട്ടമാണിത്. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കോൺഗ്രസ് ചൂണ്ടികാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.