കേരള എയിംസ് കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണയിൽ; ധനമന്ത്രാലയ അനുമതി തേടിയെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: കേരളത്തിനുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണയിൽ. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെ. മുരളീധരൻ എംപിയോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുക എന്നതാണ് കേന്ദ്ര സർക്കാറിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു.

നാലു സ്ഥലങ്ങളാണ് സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നതിനായി നിർദ്ദേശിച്ചിട്ടുള്ളത്. കേരളാ എയിംസിന് തത്വത്തിൽ അംഗീകാരം നല്കുന്നതിനുവേണ്ടി നിലവിൽ കേന്ദ്ര ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു.

ദേശീയ ആരോഗ്യ മിഷൻ സംസ്ഥാനങ്ങൾക്ക് അവയുടെ പ്രോഗ്രാം ഇമ്പ്‌ലീമെന്റേഷൻ പ്ലാൻ അനുസരിച്ചു വേണ്ട സഹായങ്ങൾ നൽകുന്നുണ്ട്. കേരളത്തിനും ഇത്തരം സഹായം നൽകാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ സർക്കാർ ഏറ്റെടുത്ത 200 ഏക്കർ ഭൂമി എയിംസിന് അനുയോജ്യമാണെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിലപാട്. കിനാലൂർ ഉൾപ്പെടെ നാല് സ്ഥലങ്ങൾ എയിംസ് സ്ഥാപിക്കാൻ കേന്ദ്രത്തിന് മുൻപിൽ കേരളം നിർദേശിച്ചിട്ടുണ്ട്.