നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

കൊച്ചി: നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലാണ് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വർഗീസിന്റെ നേതൃത്വത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ എത്തിയാണ് നടിയുടെ മൊഴിയെടുത്തത്.

മൂന്നരമണിക്കൂറോളം നേരമാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. ദിലീപിന്റെ ഫോണിൽ നിന്നും വീണ്ടെടുത്ത ചാറ്റുകളെക്കുറിച്ചും ഓഡിയോ സന്ദേശങ്ങളെക്കുറിച്ചും മഞ്ജുവിനോട് അന്വേഷണ സംഘം ചോദിച്ചറിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഗൂഢാലോചന സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്ന നടപടിയും അന്വേഷണ സംഘം പൂർത്തിയാക്കി. മഞ്ജു വാര്യരായിരുന്നു നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത്. ഇതിന് പിന്നാലെയാണ് അന്വേഷണം ദിലീപിലേക്ക് നീങ്ങിയത്.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെയും മഞ്ജു വാര്യരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പ്രതികളാണ് വധ ഗൂഢാലോചനാ കേസിലുള്ളത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും പദ്മസരോവരം എന്ന വീട്ടിലിരുന്ന് ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന് പുതിയ നോട്ടീസ് നൽകി ചോദ്യംചെയ്യലിന് വിളിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നിടത്ത് കാവ്യ മാധവൻ ചോദ്യംചെയ്യലിന് ഹാജരാകേണ്ട വിധത്തിൽ പുതിയ നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.