പിജെ കുര്യനെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ല; പാർട്ടി വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് കെപിസിസി

തിരുവനന്തപുരം: കോൺഗ്രസ് ഹൈക്കമാണ്ടിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനമുയർത്തിയ മുതിർന്ന നേതാവ് പ്രൊഫ. പി.ജെ. കുര്യനെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ല. പാർട്ടി വിരുദ്ധമായി പിജെ കുര്യൻ ഒന്നും പറഞ്ഞിട്ടില്ലെന്നും, രാഹുലിനെ പേരെടുത്തു പറഞ്ഞത് ഒഴിവാക്കാമായിരുന്നുവെന്നും മാത്രമാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്.

തൃശൂർ എംപി ടി എൻ പ്രതാപൻ തിങ്കളാഴ്ച ചേർന്ന പിസിസി രാഷ്ടീയ കാര്യ സമിതിയിൽ മാത്രമാണ് കുര്യനെതിരെ നടപടി ആവശ്യപ്പെട്ടത്. പി ജെ കുര്യൻ പുതിയതായി ഒന്നും പറഞ്ഞിട്ടില്ല, മുതിർന്ന എ ഐ സി സി നേതാക്കൾ ഉൾപ്പെടുന്ന ജി- 23 യിലെ അംഗം കൂടിയായ കുര്യൻ സോണിയാ ഗാന്ധിക്ക് നൽകിയ നിവേദനത്തിൽ ഒപ്പിട്ട ആളാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

ആ നിവേദനത്തിലെ കാര്യങ്ങളാണ് വാരികയ്ക്ക് നൽകിയ അഭിമുഖത്തിലും ആവർത്തിച്ചത്. അതുകൊണ്ട് ഇന്റർവ്യൂ അത്ര കാര്യമാക്കേണ്ടതില്ലെന്നും ചെന്നിത്തല നിലപാടെടുത്തു. കെ സുധാകരനും വി ഡി സതീശനും ഉൾപ്പെടെയുള്ളവർ ചെന്നിത്തലയുടെ നിലപാടിനെ പിന്തുണച്ചു.

കെ.വി. തോമസുമായി ബന്ധപ്പെട്ട് വിഷയത്തിന് പിന്നാലെ മറ്റൊരു മുതിർന്ന നേതാവിനെതിരെ കൂടി അച്ചടക്ക നടപടിക്ക് മുതിർന്നാൽ പാർട്ടിയിൽ അസ്വസ്ഥത പുകയുമെന്ന തിരിച്ചറിവിനെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. കുര്യൻ ഉയർത്തിയ വിഷയങ്ങളോട് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്കെല്ലാം യോജിപ്പാണുള്ളതെന്നാണ് റിപ്പോർട്ടുകൾ.നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ നിലപാടില്ലായ്മയും പിടിപ്പുകേടും പാർട്ടിക്ക് കാര്യമായ ദോഷങ്ങൾ വരുത്തിവെച്ചുവെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.