യുക്രൈൻ സംഘർഷം; കേരളത്തിലേക്ക് തിരിച്ചെത്തിയത് 3379 വിദ്യാർത്ഥികൾ, തുടർപഠനം ആശങ്കയിൽ

തിരുവനന്തപുരം: യുദ്ധത്തെത്തുടർന്ന് യുക്രൈനിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയത് 3379 കുട്ടികൾ. ഓൾ കേരള യുക്രൈൻ മെഡിക്കൽ സ്റ്റുഡന്റ്‌സ് ആൻഡ് പാരന്റ്‌സ് അസോസിയേഷന്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇവരുടെ തുടർ പഠനം നിലവിൽ അനിശ്ചിതത്വത്തിലാണ്. 22,000 വിദ്യാർത്ഥികളാണ് ഇന്ത്യയിലൊട്ടാകെ യുക്രൈനിൽ നിന്നും തിരിച്ചെത്തിയത്. ഇതിൽ ഒന്നാംവർഷ വിദ്യാർത്ഥികൾ മുതൽ കോഴ്‌സ് തീരാൻ മൂന്നു മാസംമാത്രം ബാക്കിയുള്ളവരുണ്ട്.

ഇനിയൊരു തിരിച്ചു പോക്ക് അസാധ്യമാണെന്ന നിഗമനത്തിലാണ് വിദ്യാർത്ഥികൾ. സർവകലാശാലകൾ ഓൺലൈൻ ക്ലാസ് തുടരുന്നുണ്ടെങ്കിലും ക്ലാസ് ഓഫ് ലൈനിലാകുമ്പോൾ പങ്കെടുക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ എല്ലാ വിദ്യാർത്ഥികളെയും ഇന്ത്യയിൽത്തന്നെ പഠിപ്പിക്കാൻ വേണ്ട സാഹചര്യം ഒരുക്കണമെന്നാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യം. സംഘടനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മുഖ്യമന്ത്രിയെയും എല്ലാ മന്ത്രിമാരെയും എം.എൽ.എ.മാരെയും എം.പി.മാരെയും കണ്ട് നിവേദനങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്.

കേന്ദ്രമന്ത്രി വി. മുരളീധരനുമായും വിദ്യാർത്ഥികൾ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. യുക്രൈനിൽ പഠിച്ച വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരുന്നതിന് നാഷണൽ മെഡിക്കൽ കമ്മിഷന്റെ (എൻ.എം.സി.) അനുമതി വേണം. സർവകലാശാല മാറുന്നതിനുവേണ്ടിയുള്ള അനുമതിയാണ് നൽകേണ്ടത്. ഇതിന് നിയമഭേദഗതി വരുത്തണം. ഇക്കാര്യങ്ങളുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സംഘടന മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.

സർട്ടിഫിക്കറ്റുകളൊന്നുമില്ലാതെയാണ് യുക്രൈനിൽ നിന്നും വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയെത്തിയത്. എൻ.എം.സി.യും ഇന്ത്യൻ എംബസിയും ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. അതേസമയം, യുക്രൈനിൽ നിന്ന് തിരിച്ചുവന്ന കുട്ടികളുടെ തുടർവിദ്യാഭ്യാസത്തിനായി 10 കോടി രൂപ സംസ്ഥാന സർക്കാർ ബജറ്റിൽ നീക്കിവെച്ചിരുന്നു. ഇതാണ് വിദ്യാർത്ഥികൾക്ക് ആകെയുള്ള ആശ്വാസ ഘടകം.