കെഎസ്ആർടിസിയിൽ ചൊവ്വാഴ്ച്ച മുതൽ ശമ്പളം വിതരണം ചെയ്യും; ഗതാഗത മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി യിൽ ചൊവ്വാഴ്ച്ച മുതൽ ശമ്പളം നൽകാൻ കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പളം മുടങ്ങിയത് കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത കൊണ്ടല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആവശ്യമായ തുക ഓവർഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാൻ നിർദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.

ഇത്തവണ വിഷുവിനും ഈസ്റ്ററിനുമൊന്നും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. മാർച്ച് മാസത്തെ ശമ്പളം 48 ദിവസങ്ങൾക്ക് ശേഷമാണ് ജീവനക്കാർക്ക് ലഭിക്കുന്നത്. അതേസമയം, ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ വിമർശനവുമായി തൊഴിലാളി സംഘടനയായ സിഐടിയു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തങ്ങളും കൂടി പരിശ്രമിച്ചിട്ടാണ് അദ്ദേഹം മന്ത്രിയായതെന്നും എന്നാൽ മന്ത്രി ജീവനക്കാർക്കെതിരെ തിരിഞ്ഞുവെന്നും സിഐടിയു വിമർശിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യത്തിലാണ് സിഐടിയു ഗതാഗത മന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഗതാഗത മന്ത്രിയ്ക്കുണ്ടെന്ന് കെഎസ്ആർടിഎ സംസ്ഥാന സെക്രട്ടറി ശാന്തകുമാർ വ്യക്തമാക്കിയിരുന്നു. .കേരളത്തിൽ മറ്റൊരു വകുപ്പിലും ജീവനക്കാരുടെ ശമ്പളം കിട്ടാത്ത അവസ്ഥയില്ല. ഡീസൽ വില വർദ്ധനവും മാനേജ്‌മെന്റിന്റെ അനാസ്ഥയും മൂലം കെഎസ്ആർടിസിയ്ക്ക് ഉണ്ടാകുന്ന പ്രതിസന്ധിയുടെ പഴി ജീവനക്കാർ മാത്രം സഹിയ്ക്കണമെന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.