ആശ്രിത നിയമനത്തിന് പകരം ഒറ്റത്തവണ നഷ്ടപരിഹാരം; പുതിയ ശുപാര്‍ശയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലിരിക്കേ മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ആശ്രിത നിയമനം നല്‍കുന്നതിനു പകരം ഒറ്റത്തവണ നഷ്ടപരിഹാരം നല്‍കാമെന്ന് ശുപാര്‍ശ. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയാണ് ശുപാര്‍ശ ചെയ്തത്. എന്നാല്‍, ആശ്രിത നിയമനം പൂര്‍ണമായി അവസാനിപ്പിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തിട്ടില്ല.

1970 മുതലാണ് സംസ്ഥാനത്ത് സര്‍ക്കാര് ജീവനക്കാര്‍ സര്‍വീസിലിരിക്കേ മരിച്ചാല്‍ ജീവിത പങ്കാളിയ്‌ക്കോ മക്കള്‍ക്കോ മരിച്ചയാള്‍ വിവാഹിതനല്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്കോ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുന്ന രീതി ആരംഭിച്ചത്. എന്നാല്‍, ഇത്തരത്തില്‍ ജോലി വേണ്ടെങ്കില്‍ പകരം ഒറ്റത്തവണ നഷ്ടപരിഹാരം വാങ്ങാന്‍ ബന്ധുക്കളെ അനുവദിക്കുന്നതാണ് സമിതിയുടെ പുതിയ ശുപാര്‍ശ. ഗ്രാറ്റുവിറ്റിയ്ക്ക് തുല്യമായിരിക്കും ഈ തുക. സംസ്ഥാന ചീഫ് സെക്രട്ടറിയും ധനവകുപ്പ്, ഉദ്യോഗസ്ഥ വകുപ്പ്, ഭരണ പരിഷ്‌കാര വകുപ്പ് എന്നിവയിലെ സെക്രട്ടറിമാരും ഉള്‍പ്പെട്ട സമിതിയാണ് നിര്‍ദേശം മുന്നോട്ടു വെച്ചത്.

അതേസമയം, നിലവിലെ ചട്ടം അനുസരിച്ച് ജീവനക്കാരന്‍ മരിച്ചാല്‍ ജീവിതപങ്കാളിയ്‌ക്കോ മക്കളില്‍ ഒരാള്‍ക്കോ ആണ് ജോലി ലഭിക്കേണ്ടത്. എന്നാല്‍ മരിച്ചയാള്‍ വിവാഹിതനല്ലെങ്കില്‍ അവിവാഹിതരായ സഹോദരങ്ങള്‍ക്കോ മാതാപിതാക്കളില്‍ ഒരാള്‍ക്കോ സര്‍ക്കാര്‍ ജോലി ലഭിക്കും. മരണം നടന്ന് രണ്ട് വര്‍ഷത്തിനകം ഇവര്‍ ജോലിയ്ക്ക് അപേക്ഷിക്കണം.