പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങളുമായി കോൺഗ്രസ്‌; ജി-23 നേതാക്കളുമായി ചർച്ച നടത്താൻ രാഹുൽഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ നേതൃത്വത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് രാഹുൽ ഗാന്ധി. ജി-23 നേതാക്കളുമായി ചർച്ച നടത്താനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഡൽഹിയിൽ വെച്ചാണ് ജി-23 നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തുന്നത്. ജി-23 ലെ ചില പ്രധാന നേതാക്കളും പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളും ഉൾപ്പെടെ പത്തോളം പേർ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ ജി 23 നേതാക്കൾ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പാർട്ടിയിലെ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് കൂടിക്കാഴ്ച്ചയിൽ ജി-23 നേതാക്കൾ സോണിയാ ഗാന്ധിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ നീക്കം. കൂട്ടായുള്ള ശ്രമം മാത്രമേ പാർട്ടിയെ മുന്നോട്ടു നയിക്കൂവെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാണ് ഇത്തരമൊരു നിഗമനത്തിലേക്കെത്താൻ കാരണം.

ആർ.എസ്.എസിനേയും ബി.ജെ.പിയേയും എതിർക്കുന്ന പ്രതിപക്ഷ പാർട്ടികളെല്ലാം ഒരുമിച്ച് നിൽക്കണമെന്ന് രാഹുൽ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. അതിനായുള്ള ചർച്ചകൾ ആരംഭിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.