അമിതമായി ദാഹിക്കുന്നുണ്ടോ; സൂക്ഷിക്കൂ..ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ എത്തിയെങ്കിലും മഴ കുറയുമ്പോൾ ചൂട് വർധിക്കാൻ സാധ്യതയുണ്ട്. ചൂട് കൂടുമ്പോൾ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യതയും വർധിക്കും. അതിനാൽ തന്നെ വേനൽക്കാലത്ത് ദാഹവും വർധിക്കും. എന്നാൽ എത്ര വെള്ളം കുടിച്ചാലും ദാഹം മാറാത്ത അവസ്ഥ അനുഭവപ്പെടുന്നുണ്ടോ, അത്തരക്കാർ സൂക്ഷിക്കേണ്ടതാണ്. ഇത്തരം അവസ്ഥ ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

പ്രമേഹമുള്ളവർക്ക് അമിത ദാഹം തോന്നാറുണ്ട്. അതിനാൽ തന്നെ അമിത ദാഹം തോന്നുന്നുണ്ടെങ്കിൽ ഡോക്ടറെ സമീപിച്ച് പരിശോധന നടത്തണം. പ്രമേഹം കൂടാതെ കുടലിൽ ഉണ്ടാകുന്ന ക്യാൻസറിന്റെ ലക്ഷണമായും അമിത ദാഹം കണ്ട് വരാറുണ്ട്. ആദ്യം ഘട്ടത്തിൽ തന്നെ കണ്ടെത്തിയില്ലെങ്കിൽ ഇത് മരണത്തിലേക്ക് പോലും നയിച്ചേക്കുമെന്നും വിദഗ്ധൻ ചൂണ്ടിക്കാട്ടുന്നു.

വൻകുടലിലെ ക്യാൻസർ ശരീരത്തെ മുഴുവൻ ബാധിക്കാനിടയുണ്ട്. രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ കാര്യമായ ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാറില്ല. എന്നാൽ ഇത് പിന്നീട് ജീവനെ വരെ ബാധിക്കാനിടയുണ്ട്. അമിത ദാഹം, വയറു വേദനയും വീക്കവും, ശാരീരിക അസ്വസ്ഥതകൾ, മലബന്ധം, മലശയത്തിന് സമീപത്ത് മുഴകൾ, മൂത്രത്തിൽ രക്തം തുടങ്ങിയവയാണ് കുടലിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ.