ലോകത്തിന് ഭക്ഷണമെത്തിക്കാൻ ഇന്ത്യ തയ്യാർ; ലോകവ്യാപാര സംഘടന അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി

ഗാന്ധിനഗർ: ലോകം ഭക്ഷ്യക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഭക്ഷണമെത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ ഹോസ്റ്റലും വിദ്യാഭ്യാസ കേന്ദ്രവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ലോകത്തുള്ള ഭക്ഷ്യ ക്ഷാമത്തേക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു. യുക്രൈൻ യുദ്ധം കാരണം ലോകത്തിന്റെ പല ഭാഗങ്ങളിലും ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുന്നുണ്ട്. ഇതാണ് ലോകം ഇപ്പോൾ നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകവ്യാപാര സംഘടന സഹകരിച്ചാൽ രാജ്യത്തിന്റെ ഭക്ഷണശേഖരം കൈമാറാൻ ഇന്ത്യ തയ്യാറാണ്. അമേരിക്കൻ പ്രസിഡന്റിനോട് സംസാരിച്ചപ്പോൾ അദ്ദേഹവും ഈ വിഷയം ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടന അനുമതി നൽകിയാൽ നാളെ മുതൽ ലോകത്തിന് ഭക്ഷണസാധനങ്ങൾ എത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റിനെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണം ഇപ്പോൾത്തന്നെ ഇന്ത്യയിലുണ്ട്. രാജ്യത്തെ കർഷകർ വിചാരിച്ചാൽ ലോകത്തിന്റെ വിശപ്പും നമുക്ക് മാറ്റാൻ കഴിയും. അവരതിന് തയ്യാറാണെന്നും എന്നാൽ, ലോകത്ത് നിലനിൽക്കുന്ന നിയമങ്ങൾ അനുസരിച്ച് മാത്രമേ ഇന്ത്യക്ക് പ്രവർത്തിക്കാൻ കഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഭക്ഷണ ശേഖരം കൈമാറാൻ ലോകവ്യാപാര സംഘടന അനുമതി തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.