ഒടുവില്‍ ജയം; ബാംഗ്ലൂരിനെതിരെ വമ്പന്‍ ജയവുമായി ചെന്നൈ

മുംബൈ: ഐപിഎല്‍ മത്സരത്തില്‍ തുടര്‍ച്ചയായ നാലു തോല്‍വിക്കൊടുവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 23 റണ്‍സിന് കീഴടക്കി ചെന്നൈ ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ശിവം ദുബെയുടെയും റോബിന്‍ ഉത്തപ്പയുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്ത ചെന്നൈക്ക് മറുപടിയായി ബാംഗ്ലൂരിന് 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

27 പന്തില്‍ 41 റണ്‍സെടുത്ത ഷഹാബാസ് അഹമ്മദാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. ചെന്നൈക്കായി മഹീഷ് തീക്ഷണ നാലും ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റെടുത്തു. സ്‌കോര്‍ ചെന്നൈ 20 ഓവറില്‍ 216-4, ബാംഗ്ലൂര്‍ 20 ഓവറില്‍ 193-9.