കെ റെയിൽ പോലുള്ള പദ്ധതികൾ കേരളത്തിന് അത്യാവശ്യം; സീതാറാം യെച്ചൂരി

കണ്ണൂർ: കെ റെയിൽ പോലുള്ള പദ്ധതികൾ കേരളത്തിന് അത്യാവശ്യമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യൻ നിലവാരത്തിലായെന്നും എൽഡിഎഫ് സർക്കാരിന്റെ ഇത്തരം പദ്ധതികളാണ് കേരളത്തെ ഈ നിലയിൽ എത്തിച്ചതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ 23-ാം പാർട്ടി കോൺഗ്രസിന്റെ തീരുമാനങ്ങൾ വിശദീകരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ബുള്ളറ്റ് ട്രെയിനിനെതിരെയുള്ള സിപിഎം സമരം മതിയായ നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുന്നത് കൊണ്ടാണ്. എന്നാൽ കേരളത്തിൽ അങ്ങനെയല്ല. ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ഹിന്ദുത്വ ശക്തികളുടെ ശ്രമം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുത്വ ശക്തികൾക്കെതിരെ ഇടത് ജനാധിപത്യ ബദൽ സാധ്യമാക്കാനാണ് ശ്രമം. അതിന് മതേതര സഖ്യങ്ങളുടെ പിന്തുണയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ സാധ്യമായ എല്ലാ വഴികളും ബിജെപി തേടുകയാണെന്നും അദ്ദേഹം അറിയിച്ചു. പാർട്ടിയെ അടിത്തട്ട് മുതൽ ശക്തിപ്പെടുത്തും. സി.പി.എമ്മിന്റെ സ്വതന്ത്ര ശക്തി വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.