കുട്ടികളിലെ മാനസിക സമ്മർദ്ദം ഒഴിവാക്കാം; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്…

മുതിർന്നവരിൽ മാത്രമല്ല, കുട്ടികളിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് സമ്മർദ്ദം. ആരോഗ്യത്തെ സമ്മർദ്ദം വളരെയേറെ ദോഷകരമായി ബാധിക്കും. കുട്ടികളിൽ സമ്മർദ്ദം പല പ്രശ്‌നങ്ങൾക്കും കാരണമാകും. കുട്ടികളിൽ മാനസിക സമ്മർദ്ദം വർധിച്ചു വരുന്നതായാണ് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നത്. കുടുംബ വഴക്കുകളും വേർപിരിയലും സാമ്പത്തിക പ്രശ്നങ്ങളും പരീക്ഷാ പ്രശ്‌നങ്ങളുമെല്ലാം കുട്ടികളിലെ സമ്മർദ്ദത്തിന് കാരണമാകാറുണ്ട്. കുട്ടികളിലെ സമ്മർദ്ദം ഒഴിവാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ശ്വസന വ്യായാമങ്ങൾ ശരീരത്തിന് ശാന്തമായ ഗുണങ്ങൾ നൽകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സമ്മർദ്ദം ഒഴിവാക്കാൻ ധ്യാനവും യോഗയും ശീലമാക്കണം. ഈ ശ്വസന വ്യായാമങ്ങൾ നിങ്ങളുടെ കുട്ടികളിലെ ദൈനംദിന ദിനചര്യകളിൽ ഉൾപ്പെടുത്തുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

കുട്ടികൾക്കിടയിലെ സമ്മർദ്ദം കുറയ്ക്കുന്നതിന്, കുട്ടികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും. ക്ഷീണം, കിടക്കയിൽ മൂത്രമൊഴിക്കൽ, വയറുവേദന, എപ്പോഴും ദേഷ്യം തുടങ്ങിയവയാണ് കുട്ടികളിലെ സമ്മർദ്ദത്തിന്റെ ചില ലക്ഷണങ്ങൾ.

കുട്ടികളോട് സംസാരിക്കുന്നത് അവരുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്നാണ്. അതിനാൽ അവരുമായി ആശയവിനിമയം നടത്തുകയും അവരുടെ ആഗ്രഹങ്ങൾ ചോദിച്ചറിയുകയും വേണം.