സർവേ നടപടികൾ ഉടൻ സ്റ്റേ ചെയ്യണം; കെ റെയിലിനെതിരെ സുപ്രിംകോടതിയിൽ ഹർജി

ന്യൂഡൽഹി: കെ റെയിൽ സർവേക്കെതിരെ സുപ്രിംകോടതിയിൽ ഹർജി. സിൽവർ ലൈൻ സർവേ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. കെ റെയിൽ സർവേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത് ആലുവ സ്വദേശിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം, കെ റെയിൽ സർവ്വേക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും വ്യാഴാഴ്ച്ച കെ റെയിലിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലാ കളക്റ്ററേറ്റുകളിലേക്ക് മാർച്ച് നടത്തി. കോഴിക്കോടും തൃശ്ശൂരും കോൺഗ്രസിന്റെ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം ഉണ്ടായി. കോഴിക്കോട് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ടി സിദ്ധീഖ് ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കല്ലിട്ടു. അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന്റെ മതിൽ ചാടി കടന്നാണ് പ്രവർത്തകരുടെ നീക്കം. കല്ലിട്ട ശേഷമാണ് പോലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിഞ്ഞത്. കെ -റെയിലിനായി തിരുവനന്തപുരത്ത് ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകൾ പിഴുതെടുത്ത് മുഖ്യമന്ത്രിയുടെ വസതിയിൽ ചെന്ന് ഇടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രതിഷേധ പ്രകടനം നടന്നത്.

ഉച്ചയക്ക് പന്ത്രണ്ടരയോടെയാണ് പ്രവർത്തകർ ക്ലിഫ്ഹൗസിന്റെ മതിൽ ചാടി കടന്ന ശേഷം കല്ലുകൾ സ്ഥാപിച്ചത്. ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.