റഷ്യയുമായുള്ള എല്ലാ വ്യാപാരങ്ങളും അവസാനിപ്പിക്കണം; യൂറോപ്യൻ നേതാക്കളോട് ആഹ്വാനം ചെയ്ത് യുക്രൈൻ പ്രസിഡന്റ്

കീവ്: റഷ്യയുമായുള്ള എല്ലാ വ്യാപാരങ്ങളും അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ നേതാക്കളോട് ആഹ്വാനം ചെയ്ത് യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലെൻസ്‌കി. ബാൾട്ടിക് രാജ്യങ്ങൾ ഉൾപ്പെടെ യൂറോപ്യൻ യൂണിയനിലെ നിരവധി രാജ്യങ്ങൾ റഷ്യൻ എണ്ണ, വാതക ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം നേതാക്കളോട് ഇക്കാര്യം അഭ്യർത്ഥിച്ചത്. ഒരു വീഡിയോ അഭിസംബോധനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

റഷ്യയുടെ യുദ്ധായുധങ്ങൾ സ്പോൺസർ ചെയ്യരുതെന്നാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന. അധിനിവേശക്കാർക്ക് യൂറോ വേണ്ടെന്നും നിങ്ങളുടെ എല്ലാ തുറമുഖങ്ങളും അവർക്ക് മുന്നിൽ അടയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് നിങ്ങളുടെ ഉൽപ്പന്നം കയറ്റുമതി ചെയ്യരുത്. ഊർജ്ജ വിഭവങ്ങൾ നിഷേധിക്കുക. യുക്രൈനിൽ നിന്ന് പിന്മാറാൻ റഷ്യയെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

നിങ്ങൾക്ക് ശക്തിയുണ്ട്, യൂറോപ്പിന് ശക്തിയുണ്ടെന്നായിരുന്നു ജർമ്മനിയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം, യുക്രൈൻ വിഷയം ചർച്ച ചെയ്യാനും റഷ്യയ്ക്കെതിരെയുള്ള ഉപരോധം കർശനമാക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്യാൻ വേണ്ടി യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ യോഗം ചേരും.