സെമിനാറിൽ പങ്കെടുത്ത് കെപിസിസിയെ വെല്ലുവിളിക്കരുത്; തരൂരിന് നിർദ്ദേശം നൽകി സോണിയാ ഗാന്ധി

ന്യൂഡൽഹി: സി പി എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കരുതെന്ന് ശശി തരൂരിനോട് നിർദ്ദേശിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. സെമിനാറിൽ പങ്കെടുത്ത് കോൺഗ്രസ് കേരള ഘടകത്തെ വെല്ലുവിളിക്കരുതെന്ന് തരൂരിനോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വം പറയുന്നത് അനുസരിക്കാൻ തരൂരിനോട് സോണിയ ഗാന്ധി നിർദ്ദേശം നൽകിയതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിഷയത്തിലുള്ള ആശങ്ക അറിയിക്കാനായി കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ ഡൽഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടർന്നാണ് സോണിയാ ഗാന്ധി ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്നാണ് വിവരം. ശശി തരൂർ, കെ.വി. തോമസ് എന്നിവരെയാണ് പാർട്ടി കോൺഗ്രസ് സെമിനാറുകളിലേക്ക് ക്ഷണിച്ചിരുന്നത്.

തുടർന്ന് നേതാക്കൾ സെമിനാറിൽ പങ്കെടുക്കുന്നതിനെ വിമർശിച്ച് കോൺഗ്രസ് കേരള ഘടകം രംഗത്തെത്തിയിരുന്നു. സെമിനാറിൽ കെ.പി.സി.സി.യുടെ വിലക്ക് ലംഘിച്ച് ഏതെങ്കിലും കോൺഗ്രസ് നേതാവ് പങ്കെടുത്താൽ നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി. അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി. മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.