വത്തിക്കാനിലെ ഭരണ സംവിധാനത്തിൽ നിർണായക മാറ്റം; ഭരണനേതൃത്വത്തിൽ ഇനി വനിതകളും

റോം: വത്തിക്കാനിലെ ഭരണ സംവിധാനത്തിൽ നിർണായക മാറ്റം. മാമോദീസ സ്വീകരിച്ച വനിതകൾ ഉൾപ്പെടെയുള്ള ഏത് കത്തോലിക്കക്കാർക്കും വത്തിക്കാനിലെ വിവിധ ഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ ഇനി മുതൽ എത്താനാകും. മാർപ്പാപ്പയാണ് ഇക്കാര്യം വ്യക്തമാക്കുന്ന പുതിയ അപ്പസ്‌തോലിക രേഖ പുറത്തിറക്കിയത്. നൂറ്റാണ്ടുകളായി തുടർന്നുവന്ന രീതിക്കാണ് പുതിയ പ്രഖ്യാപനത്തോടെ മാറ്റം വരുന്നത്.

പ്രോഡീക്കേറ്റ് ഇവാൻജലിയം’ എന്നാണ് പുതിയ ഭരണരേഖയുടെ പേര്. ജൂൺ അഞ്ചിന് ഇത് നിലവിൽ വരും. ഫാൻസിസ് മാർപാപ്പ സ്ഥാനമേറ്റതിന്റെ ഒമ്പതാം വാർഷികദിനവും വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനത്തിലുമായി പുതിയ ഭരണ ഘടന പുറത്തിറക്കിയത്. പുതിയ തീരുമാനത്തോടെ കർദിനാൾമാർ കൈകാര്യം ചെയ്തിരുന്ന ഭരണ സംവിധാനങ്ങളിൽ വനിതകൾക്കും പ്രവർത്തിക്കാൻ കഴിയും.

കർദിനാൾമാർക്കും ബിഷപ്പുമാർക്കും മാത്രമായിരുന്നു നേരത്തെ ഭരണ സംവിധാനത്തിൽ ഇടപെടാൻ കഴിഞ്ഞിരുന്നത്. പത്ത് വർഷത്തോളം നീണ്ടുനിന്ന ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് പുതിയ ഭരണ ഘടന പ്രഖ്യാപിച്ചത്. മാർപാപ്പയും ബിഷപ്പുമാരും മറ്റ് നിയുക്ത ശുശ്രൂഷകരും സഭയിലെ സുവിശേഷകർ മാത്രമല്ലെന്ന് പുതിയ അപ്പസ്‌തോലിക രേഖയുടെ ആമുഖത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പുതിയ ഭരണഘടന പ്രകാരം മാമോദീസ സ്വീകരിച്ച വിശ്വാസികളായ ഏതൊരു അംഗത്തിനും ഭരണസംവിധാനത്തിന്റെ ഭാഗമാകാനാകും.