സൈന്യത്തില്‍ ചേരാന്‍ അര്‍ദ്ധരാത്രിയില്‍ ഓട്ടം; സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി 19കാരന്‍

ന്യൂഡല്‍ഹി: ജീവിതത്തിലെ പ്രാരാബ്ധങ്ങള്‍ മൂലം സൈന്യത്തില്‍ ചേരാനുള്ള പരിശീലനത്തിന് സമയം ലഭിക്കാത്തതിനാല്‍ അര്‍ദ്ധരാത്രി ജോലി കഴിഞ്ഞ് മടങ്ങവേ ഓടി പരിശീലനം നടത്തുന്ന പ്രദീപെന്ന 19-കാരനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ഹീറോ. സംവിധായകന്‍ വിനോദ് കാപ്രി പങ്കുവെച്ച വീഡിയോ ഹിറ്റായതോടെ ഒറ്റരാത്രി കൊണ്ട് പ്രദീപ് മെഹ്റ തരംഗമായി മാറി.

രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും അഭിനന്ദന പ്രവാഹമാണ് പ്രദീപിനെ തേടിയെത്തുന്നത്. അതിനിടെയാണ് റിട്ടയേര്‍ഡ് ജനറല്‍ സതീഷ് ദുവ പ്രദീപിന് അഭിനന്ദനവും സഹായവുമായി എത്തിയിരിക്കുന്നത്‌. പ്രദീപിന്റെ ഓട്ടം ട്വിറ്ററില്‍ പങ്കുവെച്ച ജനറല്‍ സതീഷ് ദുവ 19കാരന്റെ പ്രകടനം അഭിനന്ദനാര്‍ഹമാണെന്ന് രേഖപ്പെടുത്തി. ആര്‍മി റിക്രൂട്ട്മെന്റ് മറികടക്കാന്‍ പ്രദീപിനെ സഹായിക്കുമെന്നും ഇക്കാര്യം ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡറും കുമൗണ്‍ റെജിമെന്റിലെ കേണലുമായ ജനറല്‍ റാണ കലിത്തയോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രദീപിന്റെ റിക്രൂട്ട്മെന്റിന് വേണ്ട നടപടികള്‍ ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ കൈക്കൊള്ളുമെന്നും ജനറല്‍ ഉറപ്പു നല്‍കി.

ആര്‍മിയില്‍ ചേരണമെന്നായിരുന്നു പ്രദീപിന്റെ ഏറെക്കാലമായുള്ള മോഹം. ഇതിന് വേണ്ടി രാത്രിയാണ് പ്രദീപ് പരിശീലനത്തിന് സമയം കണ്ടെത്തിയിരുന്നത്. ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങവേ ദിവസേന പത്ത് കിലോമീറ്റര്‍ ദൂരം ഓടിയാണ് ഈ 19-കാരന്‍ പരിശീലനം നടത്തിയിരുന്നത്.