വധഭീഷണി; ഹിജാബ് വിധി പുറപ്പെടുവിച്ച കർണാടക ഹൈക്കോടതിയിലെ ജഡ്ജിമാരുടെ സുരക്ഷ വർധിപ്പിച്ചു

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ച കർണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഉൾപ്പടെയുള്ള ജഡ്ജിമാരുടെ സുരക്ഷ വർധിപ്പിച്ചു. വൈ കാറ്റഗറി സുരക്ഷയാണ് സർക്കാർ ഇവർക്ക് നൽകിയിട്ടുള്ളത്. മധുരയിൽ ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രസ്താവന നടത്തിയ സാഹചര്യത്തിലാണ് നടപടി. സംഭവത്തിന് പിന്നാലെ ബംഗളൂരുവിൽ എഫ് ഐ ആറും രജിസ്റ്റർ ചെയ്തു.

ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ.എം. ഖാസി എന്നിവരുൾപ്പെട്ട ബെഞ്ചാണ് ക്ലാസിൽ ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി യു കോളേജ് വിദ്യാർത്ഥിനികൾ നൽകിയ ഹർജികൾ തള്ളിയത്. നിർബന്ധിത മതാചാരത്തിന്റെ ഭാഗമല്ല ഹിജാബെന്നും യൂണിഫോമിനെ മതാചാരത്തിന്റെ ഭാഗമായി എതിർക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. 11 ദിവസമാണ് കോടതി കേസിൽ വാദം കേട്ടത്.

അതേസമയം ജഡ്ജിമാർക്കെതിരെ ഭീഷണി മുഴക്കിയ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ തമിഴ്‌നാടുമായി ഏകോപിച്ച് അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കർണാടക ഹൈക്കോടതിക്കും ജഡ്ജിമാർക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് മൂന്ന് തമിഴ്‌നാട് തൗഹീദ് ജമാഅത്ത് പ്രവർത്തകർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. മധുരയിലെ കോരിപാളയം പ്രദേശത്ത് അടുത്തിടെ നടന്ന ഒരു പരിപാടിയിലായിരുന്നു ജഡ്ജിമാർക്കെതിരെയുള്ള പരാമർശം നടന്നത്.