മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾക്ക് സ്വത്തിൽ അവകാശമുന്നയിക്കാൻ കഴിയില്ല; നിർണായക പരാമർശവുമായി കോടതി

ന്യൂഡൽഹി: മാതാപിതാക്കൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരുടെ സ്വത്തിൽ മക്കൾക്കും തുല്യ അവകാശം ഉണ്ടെന്ന് പറയാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഭർത്താവിന്റെ നിയമപരമായ രക്ഷാധികാരിയാകാൻ ഒരു സ്ത്രീ നൽകിയ ഹർജിയിൽ വിവാഹിതരായ രണ്ട് സഹോദരിമാരോടൊപ്പം ഇടപെടാൻ ശ്രമിച്ച മകനോടാണ് കോടതി ഇക്കാര്യം അറിയിച്ചത്. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരുടെ രണ്ട് ഫ്‌ളാറ്റുകളിൽ മകനും തുല്യ അവകാശമുണ്ടെന്ന് പറയാൻ നിയമപരമായി സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി.

നിങ്ങളുടെ അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ട്. നിങ്ങളുടെ പിതാവിന്റെ സ്വത്തിൽ നിങ്ങൾ താല്പര്യം കാണിച്ചതായും അറിവില്ല. അദ്ദേഹത്തിന് അത് വിൽക്കാൻ എല്ലാ അവകാശവുമുണ്ടെന്ന് മകനോട് കോടതി പറഞ്ഞു. ഇക്കാര്യത്തിന് നിങ്ങളുടെ അനുവാദം ആവശ്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഹർജി നൽകിയ സ്ത്രീയാണ് അവരുടെ ഭർത്താവിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്. അദ്ദേഹം ഡിമെൻഷ്യ ബാധിതനാണ്. ഒന്നിലധികം തവണ അദ്ദേഹത്തിന് സ്‌ട്രോക്ക് ഉണ്ടായിട്ടുണ്ട്. പലപ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുമുണ്ട്. 2022 ഒക്ടോബർ 1ന് ജെജെ ഹോസ്പിറ്റൽ നൽകിയ റിപ്പോർട്ടിൽ 2011 മുതൽ അദ്ദേഹത്തിന് ഡിമെൻഷ്യ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൂടാതെ ന്യൂമോണൈറ്റിസ് വന്ന് കിടപ്പിലാണ്. അദ്ദേഹത്തിന് ഓക്‌സിജൻ നൽകുന്നത് മൂക്കിലൂടെയും ഭക്ഷണം നൽകുന്നത് റൈൽസ് ട്യൂബിലൂടെയുമാണ്. കണ്ണുകൾ ചലിക്കുന്നുണ്ടെങ്കിലും ആരുമായും സമ്പർക്കം പുലർത്താനോ സംസാരിക്കാനോ കാര്യങ്ങൾ മനസ്സിലാക്കാനോ ഒപ്പിടാനോ തീരുമാനം എടുക്കാനോ അദ്ദേഹത്തിന് കഴിയില്ല.

രക്ഷാധികാരിയാകണമെങ്കിൽ നിങ്ങൾ സ്വയം അതിനായി മുന്നോട്ടു വരണമായിരുന്നു. നിങ്ങൾ ഒരിക്കലെങ്കിലും അച്ഛനെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയോയെന്നും നിങ്ങൾ അദ്ദേഹത്തിന്റെ മെഡിക്കൽ ബില്ലുകൾ അടച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.