ഉയർന്ന നഷ്ടപരിഹാരം നൽകുന്നതിലൂടെ കെ റെയിലിനെതിരെയുള്ള പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ കഴിയും; എ കെ ബാലൻ

തിരുവനന്തപുരം: കെ റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളിൽ മറുപടിയുമായി മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ ബാലൻ. കെ റെയിലിനെതിരെയുള്ള പ്രതിഷേധങ്ങൾ ഉയർന്ന നഷ്ടപരിഹാരം നൽകുന്നതിലൂടെ അവസാനിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാൽ അവർ ഭൂമി വിട്ടു നൽകും. കീഴാറ്റൂരിൽ സമരം നടത്തിയവരൊക്കെ ഇപ്പോൾ പാർട്ടിക്ക് ഒപ്പമാണ്. കരട് നയരേഖയുടെ കാര്യത്തിൽ പാർട്ടിക്ക് കടുംപിടുത്തമില്ല. മുന്നണിയിലും കീഴ്ഘടകങ്ങളിലും ആവശ്യമായ ചർച്ചകൾ നടത്തി വേണ്ട ഭേദഗതികൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കെ റെയിലിനെതിരെ കേരളത്തിൽ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. പ്രതിപക്ഷം കേരളത്തെ മറ്റൊരു നന്ദിഗ്രാം ആക്കാൻ ശ്രമിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.