ഇമ്രാന്റെ വിക്കറ്റ് തെറിച്ചേക്കും; പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് 28ന്‌

ഇസ്ലാമബാദ്: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ച് രണ്ട് ഡസന്‍ ഭരണകക്ഷി എംപിമാര്‍ പരസ്യമായി രംഗത്ത് വന്നതോടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കസേര തെറിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ദുര്‍ഭരണവും ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ നാളെ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കും.

എന്നാല്‍, അധികാരം തുടരാന്‍ വേണ്ടി ബലപ്രയോഗത്തിനും മടിക്കില്ലെന്ന് പ്രഖ്യാപിച്ച ഇമ്രാന്‍ പാക് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവിശ്വാസപ്രമോയ വോട്ടെടുപ്പിന് മുമ്പ് പാക് പാര്‍ലമെന്റിനു മുന്നില്‍ 10 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരുടെ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളായ പാകിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ്, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നീ പാര്‍ട്ടികളിലെ നൂറോളം എംപിമാരാണ് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്.

അതേസമയം, ഇമ്രാന്റെ തിരിച്ചടി ഭയന്ന് വിമത എംപിമാര്‍ സിന്ധ് ഹൗസില്‍ കഴിയുകയാണ്. എന്നാല്‍, സിന്ധ് ഭരണകൂടം കോഴ നല്‍കി തങ്ങളുടെ എംപിമാരെ തട്ടിക്കൊണ്ടു പോയതാണെന്നാണ് ഇമ്രാന്റെ കക്ഷിയുടെ ആരോപണം.