സെമിനാറിൽ താൻ പങ്കെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വം; കെ വി തോമസ്

കൊച്ചി: സിപിഎം പാർടി കോൺഗ്രസിനോടനുബന്ധിച്ച സെമിനാറിൽ താൻ പങ്കെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണെന്ന് പ്രൊഫ. കെ വി തോമസ്. സെമിനാറിൽ പങ്കെടുക്കരുതെന്ന കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ തീരുമാനത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയത്തിൽ സോണിയ ഗാന്ധിയോടും താരിഖ് അൻവറിനോടും അഭിപ്രായം തേടിയിട്ടുണ്ട്. അവരാണ് തീരുമാനമെടുക്കേണ്ടത്. ദേശീയ പ്രാധാന്യമുള്ള വിഷയമാണ് സെമിനാറിലെ വിഷയം. ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണ് സെമിനാർ. അതാണ് ഹൈക്കമാൻഡിന്റെ അഭിപ്രായം തേടിയതെന്ന് കെ വി തോമസ് വിശദീകരിച്ചു.

കോൺഗ്രസിനെക്കൊണ്ടു മാത്രം ബിജെപിയെ നേരിടാൻ കഴിയില്ല. സിപിഎം, സി പി ഐ, ഡിഎംകെ തുടങ്ങിയവരുടെയെല്ലാം സഹായം ആവശ്യമാണ്. ആ സാഹചര്യത്തിലാണ് സ്റ്റാലിനും സെമിനാറിന് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.