സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ സഹായം നൽകും; പ്രഖ്യാപനവുമായി തമിഴ്നാട്

ചെന്നൈ: സർക്കാർ സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് സഹായ പ്രഖ്യാപനവുമായി തമിഴ്‌നാട് സർക്കാർ. സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ സഹായം നൽകുമെന്നാണ് പ്രഖ്യാപനം. ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. ആറു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥിനികൾക്ക് എല്ലാ മാസവും ബാങ്ക് അക്കൗണ്ടിൽ പണമെത്തും. ബിരുദം, ഡിപ്ലോമ, ഐടിഐ എന്നിവയിൽ പഠനം പൂർത്തിയാക്കുന്നതുവരെ ഇത്തരത്തിൽ സഹായം തുടരുമെന്ന് തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ വ്യക്തമാക്കി.

ആറുലക്ഷം വിദ്യാർത്ഥിനികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സർക്കാർ സ്‌കൂളിൽ പഠിച്ച വിദ്യാർഥികൾ ഐഐടി, ഐഐഎസ്സി, എയിംസ് എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയാൽ അവരുടെ ബിരുദ പഠനത്തിനുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

അതേസമയം, കന്യാകുമാരി, തേനി, കോയമ്പത്തൂർ ജില്ലകളിൽ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പച്ചക്കറി മൊത്തവ്യാപാര കമ്പോള സമുച്ചയങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് യാഥാർത്ഥ്യമാകുന്നത് കേരളത്തിനും ഗുണം ചെയ്യും. വ്യാജവാർത്തകൾ തടയുന്നതിനായി സാമൂഹികമാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും നടപടിയെടുക്കുന്നതിനുമായി സോഷ്യൽ മീഡിയ സെന്റർ ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്. പെരമ്പല്ലൂർ, തിരുവള്ളൂർ, കോയമ്പത്തൂർ, മധുര, വെല്ലൂർ ജില്ലകളിൽ പുതിയ വ്യവസായപാർക്കുകളും ആരംഭിക്കുമെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു.