യുക്രൈൻ സംഘർഷം; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടൺ: ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. റഷ്യയ്ക്ക് പടക്കോപ്പുകളോ മറ്റു സഹായങ്ങളോ നൽകിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് അമേരിക്ക ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയത്. യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിഡിയോ കോൺഫറൻസ് വഴി സംസാരിച്ചിരുന്നു. ഈ ചർച്ചയിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയതെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിക്കുന്നത്.

റഷ്യൻ അധിനിവേശത്തെ ചെറുക്കാനും മോസ്‌കോയ്ക്കു മേൽ ഉപരോധം ഏർപ്പെടുത്തി പ്രതിരോധിക്കാനും അമേരിക്ക നടത്തിയ ശ്രമങ്ങളെക്കുറിച്ച് ബൈഡൻ ചൈനീസ് പ്രസിഡന്റിന് വിശദീകരിച്ച് നൽകി. യുക്രൈൻ നഗരങ്ങൾക്കും ജനങ്ങൾക്കും മേൽ റഷ്യ ക്രൂരമായ ആക്രമണം നടത്തുന്ന സാഹചര്യത്തിൽ ചൈന മോസ്‌കോയ്ക്ക് പടക്കോപ്പുകളും മറ്റ് സഹായങ്ങളും നൽകിയാലുണ്ടാകുന്ന പ്രശ്നങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ബൈഡൻ വ്യക്തമാക്കിയതായാണ് വിവരം.

രണ്ടുമണിക്കൂർ നേരം ഇരുനേതാക്കളും തമ്മിൽ സംസാരിച്ചു. സമാധാനത്തിനായി ചൈനയും യുഎസും അന്താരാഷ്ട്ര ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി പ്രസിഡന്റ് ബൈഡനോട് ആവശ്യപ്പെട്ടു.

അതേസമയം, ഇപ്പോഴത്തെ യുദ്ധത്തോട് ആർക്കും താത്പര്യമില്ലെന്ന് ഷി ജിൻപിംഗ് വ്യക്തമാക്കിയതായാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചരിത്രത്തിന്റെ ശരിയായ ഭാഗത്ത് ചൈന നിൽക്കേണ്ടതുണ്ട്. അത് ആവശ്യമാണ്. ഇപ്പോൾ യുക്രൈനിൽ നടക്കുന്ന സംഭവവികാസങ്ങൾ ആരും ആഗ്രഹിക്കുന്നില്ല. സമാധാനവും സുരക്ഷയുമാണ് രാജ്യാന്തര സമൂഹത്തിന്റെ ഏറ്റവും മൂല്യവത്തായ നിധികളെന്നും ചൈനയും യുഎസും രാജ്യാന്തര ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.