ന്യൂഡൽഹി: ‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ചിത്രം വിദ്വേഷം ഉണർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളിൽ കോപം ആളിക്കത്തിച്ച് അക്രമം പ്രോത്സാഹിപ്പിക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ചില സിനിമകൾ മാറ്റങ്ങൾക്ക് കാരണമാകും. ചിലത് നല്ല കാര്യങ്ങൾ ചെയ്യാൻ ഏവരെയും പ്രചോദിപ്പിക്കും. എന്നാൽ, കശ്മീർ ഫയൽസ് എന്ന ചിത്രം സമാധാനത്തെ ഇല്ലാതാക്കി വിദ്വേഷം ഉണർത്താനാണ് ശ്രമിക്കുന്നത്. യഥാർത്ഥ വസ്തുതകളെ വളച്ചൊടിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ചിത്രത്തിലൂടെ ശ്രമിക്കുന്നത്. ചില സംഭവങ്ങൾ നടന്നതിന് ശേഷം ഇന്ത്യക്കാർ ആ മുറിവ് ഉണക്കാൻ ശ്രമിക്കുമ്പോൾ ചിത്രം അവ വീണ്ടും ഓർമ്മപ്പെടുത്തുന്നുവെന്ന് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
മാർച്ച് 11 ന് റിലീസ് ചെയ്ത കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ 1990 കാലഘട്ടത്തിൽ കശ്മീരി പണ്ഡിറ്റുകൾ നേരിട്ട ദുരിതത്തെ കുറിച്ചാണ് പറയുന്നത്. മിഥുൻ ചക്രവർത്തി, അനൂപം ഖേർ, ദർശൻ കുമാർ എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്.

