ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറില്‍ അഭിനയിക്കാന്‍ 20 കോടിയോളം പ്രതിഫലം നിരസിച്ച് സല്‍മാന്‍ ഖാന്‍. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് സല്‍മാന്‍ എത്തുന്നത്. ‘എനിക്ക് വേണ്ടി ഒരു സിനിമയില്‍ അഭിനയിക്കേണ്ടി വന്നാല്‍ താങ്കള്‍ പ്രതിഫലം വാങ്ങുമോ?’ എന്ന് സല്‍മാന്‍ ഖാന്‍ ചിരഞ്ജീവിയോട് ചോദിച്ചുവെന്നും അദ്ദേഹം വികാരാധീനനായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു,
മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി ചിരഞ്ജീവിയും, പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രമായി സല്‍മാനെ ഖാനുമാണെത്തുന്നത്. ചിത്രത്തിലേക്ക് സല്‍മാനെ സ്വാഗതം ചെയ്തുകൊണ്ട് ചിരഞ്ജീവി ട്വീറ്റ് ചെയ്തിരുന്നു. ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമാണ് ഇത്. മലയാളത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായി തെലുങ്കില്‍ എത്തുന്നത് നയന്‍താരയാണ്. ആദ്യമായാണ് സല്‍മാന്‍ തെലുങ്കില്‍ വേഷമിടുന്നത്. ജയം മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു.

